രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണ ഉടമ സോണിയയോ?

Webdunia
ചൊവ്വ, 13 മാര്‍ച്ച് 2012 (18:11 IST)
PRO
PRO
ഇന്ത്യന്‍ മഹാരാജ്യം കണ്ട കള്ളപ്പണ ഉടമകളില്‍ ഏറ്റവും സമ്പന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോ? ആണോയെന്ന് ഔദ്യോഗികമായി ചോദിച്ചാല്‍ ആരോപണം തെറ്റാണ്‌, കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സോണിയ ഗാന്ധിയുടെ ആകെ ആസ്‍തി എഴുപത്തഞ്ച് ലക്ഷം രൂപ മാത്രമാണ്‌. എന്നാല്‍ മറ്റ് പല അന്വേഷണങ്ങളും വെളിപ്പെടുത്തുന്ന ആസ്‍തി കണക്കുകള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ നല്‍കുന്നത്‌. സോണിയയ്ക്ക് പതിനായിരക്കണക്കിന്‌ കോടി രൂപ കള്ളപ്പണമുണ്ടെന്ന് ഇന്ത്യയിലെ തന്നെ ചില സാമൂഹിക പ്രവര്‍ത്തകരും രാഷ്‍ട്രീയക്കാരും നടത്തുന്ന മുറവിളികള്‍ സത്യമാണെന്ന സൂചനയാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കുന്നത്.

ലോകത്തെ രാഷ്‍ട്രീയക്കാരുടെ സ്വത്ത് വിവരങ്ങള്‍ അളന്ന് സമ്പന്ന പട്ടികയുണ്ടാക്കുന്ന ജര്‍മന്‍ വാരികയുടെ വെളിപ്പെടുത്തലുകളാണ്‌ സോണിയയെ പ്രതികൂട്ടിലാക്കുന്നത്. സോണിയ ഗാന്ധിയ്ക്ക് ഏറ്റവും കുറഞ്ഞത് 1 ലക്ഷം കോടി രൂപയുടെ ആ‍സ്തിയുണ്ടെന്നാണ്‌ വാരികയുടെ കണ്ടെത്തല്‍. ലോകത്തെ ഏറ്റവും സമ്പന്നരായ 23 രാഷ്‍ട്രീയക്കാര്‍ക്കിടയില്‍ നാലാം സ്ഥാനത്താണ്‌ കോണ്‍ഗ്രസ് അധ്യക്ഷ. ലോകത്തെ ഏറ്റവും സമ്പന്നയായ വനിതാ രാഷ്‍ട്രീയ നേതാവും സോണിയ തന്നെ.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ വരുമാന വിവരം വെളിപ്പെടുത്തിയപ്പോള്‍ തന്റെ സ്വത്ത് 75 ലക്ഷമാണെന്നായിരുന്നു സോണിയ പറഞ്ഞത്. അതുകൊണ്ട്, സോണിയയുടെ സ്വത്ത് വിവരങ്ങള്‍ കൂട്ടിയപ്പോള്‍ വാരികയ്ക്ക് പിഴച്ചതാകാമെന്ന് ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്കിലും, രാജ്യത്ത് നടക്കുന്ന പല വന്‍ അഴിമതികളുടെയും പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ കരങ്ങളുണ്ടെന്ന ആരോപണങ്ങള്‍ അടുത്തകാലത്ത് സജീവമായിട്ടുണ്ട് എന്നതാണ് സത്യം.

രാജ്യത്തിനുവേണ്ടി യുദ്ധവിമാനം വാങ്ങുന്ന ഇടപാടില്‍ ഇടപ്പെട്ട് സോണിയ 10000 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണവുമായി സുബ്രമണ്യ സ്വാമി രംഗത്തെത്തിയിട്ട് കാലമേറെയായിട്ടില്ല. കള്ളപണക്കാരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാതെ സൂക്ഷിക്കുന്ന യുപി‍എ സര്‍ക്കാറിന്‍റെ നിലപാടിലേക്കും വിരല്‍ ചൂണ്ടപ്പെടുന്നതാണ്‌ സോണിയയുടെ സ്വത്ത് വിവര വെളിപ്പെടുത്തല്‍.

എന്തായാലും വരുംദിനങ്ങള്‍ ഇന്ത്യന്‍ രാഷ്‍ട്രീയത്തിലേക്ക് വരാവുന്ന ഒരു പുതിയ വിവാദമാകും ഈ സ്വത്ത് വെളിപ്പെടുത്തല്‍. ഘടക കക്ഷികളുടെ കാലുപിടിച്ച് അധികാര കസേര പിടിച്ചു നിര്‍ത്താനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകാവുന്ന ഒരു വിവാദവുമാണിത്.

SUMMARY: As per german weekly's findings Sonia Gandhi is the worlds richest lady politician with 19 billion US Dollar asset.