മലയാളത്തിന് പഴക്കം കുറവ്, ക്ലാസിക്കല്‍ പദവിയില്ല

Webdunia
വ്യാഴം, 21 ജൂണ്‍ 2012 (16:34 IST)
PRO
PRO
മലയാള ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിക്കണമെന്ന് ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി ഭാഷാപണ്ഡിതരുടെ റിപ്പോര്‍ട്ട്. മലയാളത്തിന് ക്ലാസിക്കല്‍ പദവിക്ക് അര്‍ഹതയില്ലെന്ന് സാഹിത്യ കലാ അക്കാദമിയുടെ ഭാഷാശാസ്ത്രവിഭാഗം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ക്ലാസിക്കല്‍ പദവിക്ക് പരിഗണിക്കാവുന്ന പഴക്കം മലയാളത്തിനില്ലെന്ന ഭാഷാശാസ്ത്രവിഭാഗത്തിന്റെ അഭിപ്രായത്തെ തുടര്‍ന്നാണിത്.

1500 മുതല്‍ 2000 വര്‍ഷം വരെ പഴക്കമുള്ള ഭാഷകള്‍ക്കേ ക്ലാസിക്കല്‍ പദവി നല്‍കാനാവൂ. മലയാളത്തിന് ഇത്രയും പഴക്കമില്ലെന്നാണ് സമിതിയുടെ അഭിപ്രായം. പഴയ തമിഴിന്റെ പടിഞ്ഞാറന്‍ തീരഭാഷാ വകഭേദത്തില്‍നിന്നാണ് മലയാളം രൂപപ്പെട്ടത്. ഈ വകഭേദം പ്രത്യേക ഭാഷയായത് എട്ടാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ മാത്രമാണെന്നും സമിതി പറയുന്നു.

എന്നാല്‍ ക്ലാസിക്കല്‍ പദവിക്ക് ആവശ്യമായ മറ്റു മാനദണ്ഡങ്ങള്‍ മലയാളത്തിനുണ്ടെന്ന് സമിതി കണ്ടെത്തി. നിലവില്‍ സംസ്കൃതം, തമിഴ്, കന്നഡ, തെലുഗു ഭാഷകള്‍ക്കാണ് ക്ലാസിക്കല്‍ പദവി ഉള്ളത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി നേടിയെടുക്കാനുള്ള ശ്രമം തുടങ്ങിയത്. ക്ലാസിക്കല്‍ പദവി നിഷേധിക്കാനുള്ള ശുപാര്‍ശ പ്രതിഷേധാര്‍ഹമാണെന്ന് ജ്ഞാനപീഠജേതാവ് ഒ എന്‍ വി കുറുപ്പ് പറഞ്ഞു.