അഴിമതിയുടെ കുന്തമുനകള്‍ വീണ്ടും ഇന്ദ്രപ്രസ്ഥത്തിലേക്ക് നീളുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ നിലയാണ് പരുങ്ങലിലായത്. പ്രത്യക്ഷത്തില്‍ നിയമമന്ത്രി അശ്വിനികുമാറിനും റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലിനും നേരേ കടുത്ത ആരോപണം ഉയരുമ്പോള്‍ പതിവുപോലെ കൈകഴുകാന്‍ മന്‍മോഹന്‍ സിംഗിനാവില്ല. ഇതിലേറ്റവും പ്രധാനം കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച സിബിഐ റിപ്പോര്‍ട്ട് അശ്വിനി കുമാര്‍ ഇടപെട്ട് തിരുത്തിയെന്നതാണ്.
തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിയമമന്ത്രി അശ്വിനി കുമാര്‍ ഇടപെട്ട് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പത് പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ഓരോ പാരഗ്രാഫിലും കേന്ദ്രസര്‍ക്കാര്‍ ഏതൊക്കെ തരത്തില്‍ ഇടപെടല്‍ നടത്തിയെന്ന് വിശദീകരിച്ചിട്ടുണ്ട്. നിയമ മന്ത്രിയുടെയും അറ്റോര്‍ണി ജനറലിന്റെയും നിര്‍ദേശപ്രകാരം റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നുവെന്ന് സിബിഐ വ്യക്തമാക്കി.
അഞ്ചു കാര്യങ്ങളാണ് കോടതി സിബിഐയോട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടത്.
1. തത്സ്ഥിതി റിപ്പോര്‍ട്ട് രാഷ്ട്രീയ നേതൃത്വവുമായി പങ്കുവച്ച വിവരം മറച്ചുവച്ചതിന് കാരണമെന്ത്?
5. റിപ്പോര്‍ട്ട് കണ്ട പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുടെ പേരുകള്‍?
ഇവയ്ക്കെല്ലാം സിബിഐ വിശദമായ റിപ്പോര്‍ട്ട് തന്നെ നല്‍കിയിട്ടുണ്ട്. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. കല്‍ക്കരിയില്‍ പുരണ്ട അഴിമതിയുടെ പുകയില്‍ അശ്വിനികുമാറിനു മാത്രമല്ല പങ്ക്. അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങളിലിരുക്കുന്ന പലര്‍ക്കും ഇതില്‍ പങ്കുണ്ടെന്നത് പകല്‍പോലെ വ്യക്തം. അതില്‍ പ്രമുഖന്‍ മന്ത്രിസഭാതലവനായ പ്രധാനമന്തി തന്നെയാണെന്നാണ് ആരോപണം. എല്ലാത്തവണയും മറ്റുള്ളവരെ കുറ്റം പറഞ്ഞൊഴിയുന്ന ‘മന്‍മോഹനിസം’ ഇത്തവണ നടക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
സിബിഐയുടെ ഡയറക്ടറെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തിരുത്താന്‍ അശ്വിനി കുമാര്‍ ധൈര്യം കാണിച്ചെങ്കില്‍ അത് തന്നിഷ്ടപ്രകാരമാണെന്ന് വിശ്വസിക്കാനാവില്ല. മന്മോഹന്‍ സിംഗിന്റെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ കീഴിലുള്ള ഒരു മന്ത്രി ഇത്തരത്തില്‍ ചെയ്യില്ലായെന്നത് വ്യക്തമാണ്.
പവന്‍കുമാര്‍ ബന്‍സിലിന്റെ മരുമകന്‍ 90 ലക്ഷം വാങ്ങിയ കേസിലും കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. അതുകൊണ്ട് തന്നെ രണ്ടുമാര്‍ഗമേ കോണ്‍ഗ്രസിനു മുന്നിലുള്ളൂ. ഒന്നുകില്‍ ബന്‍സലിനെയും അശ്വിനികുമാറിനെയും ഒഴിവാക്കുക. അല്ലെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവയ്ക്കുക. പ്രധാനപ്രതിപക്ഷമായ ബിജെപിയും മുന്നോട്ടു വയ്ക്കുന്നതും ഈ ആവശ്യമാണ്.
രണ്ടിലേതാണെങ്കിലും പ്രശ്നം രാഷ്ടീയ ആയുധമായി ബിജെപി ഉപയോഗിക്കുമെന്നതില്‍ തര്‍ക്കമില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കേ പ്രതിച്ഛായ സംരക്ഷിക്കേണ്ടത് യുപിഎയുടെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ദ്രപ്രസ്ഥത്തിലെ നീക്കങ്ങളെ ആകാംക്ഷാപൂര്‍വമാണ് രാഷ്ട്രീയനിരീക്ഷകര്‍ വീക്ഷിക്കുന്നത്.