ഐഎസആര്‍ ഓ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മിയുടെയും മകനായി ആയിരത്തി തൊള്ളായിരത്തി എഴുപത്തി എഴില്‍ സന്ദീപ് ജനിച്ചു ഉല്‍സൂരിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിലാണ് സന്ദീപ് തന്റെ 14 വര്‍ഷം നീണ്ട വിദ്യാഭ്യാസ ജീവിതം നയിച്ചത്. 1995-ല്‍ ഇവിടെനിന്ന് ശാസ്ത്രത്തില്‍ ബിരുദവും നേടി.
പഠനകാലത്ത് കായികഇനങ്ങളില്‍ ഏറെ താല്പര്യം കാണിച്ചിരുന്ന സന്ദീപ് സ്കൂളിലെ മികച്ച ഓട്ടക്കാരനായിരുന്നു. 1995-ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. പഠനത്തിനുശേഷം 1999-ല്‍ ഇന്ത്യന്‍ കരസേനയുടെ ബിഹാര്‍ റെജിമെന്‍റില്‍ ചേര്‍ന്നു. കരസേനയിലെ സൈനികജീവിതത്തിനിടയില്‍ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നേരിടാനും അദ്ദേഹം നിയോഗിക്കപ്പെട്ടു.
2007 ജനുവരി മുതല്‍ ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു. അവിടെ അദ്ദേഹം 51 സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2008-ല്‍ ഭീകരവാദികള്‍ മുംബൈ ആക്രമിച്ചപ്പോള്‍ ബന്ദികളാക്കിയവരെ രക്ഷിക്കാന്‍ നിയോഗിച്ച ദേശീയ സുരക്ഷാസേനയില്‍ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണന്‍. തീവ്രവാദികള്‍ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാന്‍ഡോകള്‍ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്നായിരുന്നു അറിയപ്പെട്ടത്.
ഏറ്റമുട്ടലില്‍ പരിക്കേറ്റ ഒരു കമാന്‍ഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികള്‍ക്കുനേരെ കുതിച്ച സന്ദീപ് പിന്‍ഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പിറന്ന നാടിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ജീവന് നഷ്ടപെട്ട അദ്ധേഹത്തിനു മരണാനന്തര ബഹുമതിയായ് ഭാരത സര്‍ക്കാര്‍ അശോക ചക്രം നല്‍കി ആദരിച്ചു.
പിറന്ന നാടിന്റെ മാനം രക്ഷിക്കാനായ് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ആ ധീരനായ യോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നമുക്ക് ഉച്ചത്തില്‍ പറയാം ‘ഭാരത് മാതാ കി ജയ്’