ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തോമസ് ഐസക് സി പി എം പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് സൂചന. ഇത്തവണ, തോമസ് ഐസക്കിനെയും എം എ ബേബിയെയുമാണ് പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കുന്നത്. ഇവരില്‍ ഒരാള്‍ മാത്രമാണ് പി ബിയിലെത്തുക. തോമസ് ഐസക്കിനാണ് കൂടുതല്‍ സാധ്യതയെന്നാണ് സൂചനകള്‍.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ പി ബിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാക്കളാണ് ബേബിയും തോമസ് ഐസക്കും. പാലൊളി മുഹമ്മദ് കുട്ടിയെയും പരിഗണിച്ചിരുന്നു. എന്നാല്‍ തനിക്ക് തല്‍പ്പര്യമില്ലെന്ന് പാലൊളി അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇവരെയെല്ലാം മറികടന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പി ബിയിലെത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണ പി ബിയിലെത്താനായി തോമസ് ഐസക്കും ബേബിയും തമ്മില്‍ പ്രത്യക്ഷമല്ലാത്ത ഒരു മത്സരമുണ്ട്. ബേബിയെ പിന്തള്ളി ഐസക് പോളിറ്റ് ബ്യൂറോയില്‍ ഇടം നേടുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ പാര്‍ട്ടി പിടിക്കാനുള്ള കരുനീക്കങ്ങള്‍ പിണറായി പക്ഷവും വി എസ് പക്ഷവും ശക്തമാക്കി. വരുന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താനുള്ള പരമാവധി അടവുകളാണ് ഔദ്യോഗികപക്ഷം നടത്തുന്നത്. പിണറായി വിജയനെ തന്നെ നാലാം തവണയും സെക്രട്ടറിയാക്കാനാണ് നീക്കം.
മൂന്നുതവണയില്‍ കൂടുതല്‍ ഒരാളെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ പിണറായിക്ക് നാലാം തവണയും അവസരം നല്‍കാമെന്ന തീരുമാനം കൈക്കൊണ്ടിട്ടുള്ളതായാണ് സൂചന.
പാര്‍ട്ടി സെക്രട്ടറി പദത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, തോമസ് ഐസക് എന്നിവര്‍ നോട്ടമിട്ടിട്ടുണ്ട്. ഈ തമ്മിലടി ഒഴിവാക്കാനായി പിണറായി തന്നെ സെക്രട്ടറി സ്ഥാനത്തു തുടരട്ടെ എന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്താനാണ് സാധ്യത.