ഗണ്ണും പെണ്ണും...പിന്നെ പണവും; ഐപി‌എല്‍ എന്ന റിയാലിറ്റി ഷോ!

Webdunia
ഞായര്‍, 26 മെയ് 2013 (16:20 IST)
PRO
PRO
ഐപി‌എല്‍ ഒരു മത്സരമാണോ, റിയാലിറ്റി ഷോയാണോ. ഉത്തരത്തിന് ഇപ്പോള്‍ ഒന്നു കൂടി ആലോചിക്കേണ്ടതില്ല, ഇതൊരു റിയാലിറ്റി ഷോയാണ്. ഗണ്ണും പെണ്ണും പണവുമൊക്കെയായി മനസിനെ ത്രസിപ്പിക്കുന്ന ഒന്നാന്തരം ഒരു ഷോ. അതു വിജയിപ്പിക്കാന്‍ കരുക്കള്‍ നീക്കുന്നതാവട്ടെ പ്രമുഖരും. ശ്രീയില്‍ തുടങ്ങി ശ്രീനിവാസനില്‍ എത്തിനില്‍ക്കുന്നു ഈ കണ്ണി. ഇപ്പോള്‍ ഐപി‌എല്‍ ഫൈനലില്‍ എത്തിയിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏറ്റവുമൊടുവില്‍ ടീം ഉടമ ഗുരുനാഥ് മെയ്യപ്പനെ തള്ളിപ്പറയേണ്ടി വന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. മെയ്യപ്പന്റെ ഭാര്യാപിതാവും ബിസിസി‌ഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസനും ഇതില്‍ നിന്നു മാറി നില്‍ക്കാനാവില്ല. കാരണം സംശയത്തിന്റെ കരങ്ങള്‍ നീളുന്നത് ശ്രീനിവാസനിലേക്ക് തന്നെയാണ്.

ഇതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മിസ്‌റ്റര്‍ കൂള്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണിയുടെ പേരും ഐപിഎല്‍ വാതുവയ്‌പിലേക്ക്‌ വലിച്ചിഴക്കപ്പെടുന്നുണ്ട്. ബിസിസിഐ പ്രസിഡന്റ്‌ എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ്‌ മെയ്യപ്പന്‍ അറസ്‌റ്റിലായതാണ്‌ ധോണിയിലേക്ക് സംശയം നീളാന്‍ കാരണം.

മെയ്യപ്പന്റെയും ശ്രീനിവാസന്റെയും ടീമിന്റെ ക്യാപ്‌റ്റനായിരിക്കുന്നതാണ്‌ ധോണിയേയും സംശയത്തിന്റെ നിഴലിലാക്കുന്നത്‌. കളികള്‍ക്ക്‌ ശേഷം നടക്കുന്ന പാര്‍ട്ടികളില്‍ പലപ്പോഴും വാതുവയ്‌പുകാരുടെ സാന്നിധ്യവുമുണ്ടെന്ന്‌ ഇതിനോടകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌. ഈ പാര്‍ട്ടികളിലാണ് ഹണിട്രാപ്പ് അഥവാ തേന്‍‌കുടങ്ങളെ ഉപയോഗിച്ച് ക്രിക്കറ്റ് താരങ്ങളെ കുടുക്കുന്നത്. ഇതിനായി സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉപയോഗിച്ചതായും പറയപ്പെടുന്നു. ഏവി‌എം പ്രൊഡക്ഷന്‍സിലെ ഇളതലമുറക്കാരനായ മെയ്യപ്പനുള്ള സിനിമാ ബന്ധങ്ങള്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ ക്രിക്കറ്റിലെ പ്രമുഖര്‍ക്ക് മെയ്യപ്പന്‍ പ്രിയപ്പെട്ടവനായിരുന്നു.

സാക്ഷിയെന്ന സെക്സ് സിംബല്‍- അടുത്ത പേജില്‍


PRO
PRO
എയര്‍ ഇന്ത്യയിലെ ജോലി രാജിവച്ച ധോണി, ശ്രീനിവാസന്റെ ഉടമസ്‌ഥതയിലുളള ഇന്ത്യാ സിമന്റ്‌സിന്റെ വൈസ്‌ പ്രസിഡന്റായി ചുമതലയേറ്റതും ധോണി-ശ്രീനിവാസന്‍ -മെയ്യപ്പന്‍ ബന്ധത്തിന്റെ ആഴം വ്യക്‌തമാക്കുന്നതാണ്. അതേസമയം മാധ്യമങ്ങള്‍ വാതുവയ്പ്പിലെ സെക്സ് സിംബലായി ഭാര്യ സാക്ഷി ധോണിയെ അവതരിപ്പിക്കുന്നത്‌ ധോണിയെ ഏറെ അസ്വസ്ഥനാക്കുന്നുണ്ട്‌. വിന്ദു ധാരാ സിംഗും സാക്ഷിയും ഒപ്പമിരുന്ന് കളികണ്ടതും ക്യാമറയ്‌ക്കു പോസ് ചെയ്തതുമെല്ലാം ധോണിയെയും വിവാദത്തിലേക്ക് വലിച്ചിട്ടു.

ഒത്തുകളി വിവാദത്തില്‍ അറസ്‌റ്റിലായ ശ്രീശാന്തിനെ തന്റെ സഹപാഠി സാക്ഷി ഝല എന്ന എയര്‍ഹോസ്‌റ്റസുമായി പരിചയപ്പെടുത്തിയതും സാക്ഷി ധോണിയാണെന്നതും ശ്രദ്ധേയമാണ്. ശ്രീശാന്ത്‌ എയര്‍ഹോസ്‌റ്റസിനു നല്‍കിയ മൊബൈല്‍ പോലീസ്‌ പിടിച്ചെടുത്തിരുന്നു. ശ്രീശാന്തിനും വിന്ദുവിനുമൊപ്പം തന്റെ പേര്‌ കൂട്ടിവായിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ പാഞ്ഞപ്പോള്‍ സാക്ഷിയും പ്രതികരിച്ചു. നാട്ടുകാര്‍ എന്തെങ്കിലും പറയട്ടെ, അതവരുടെ ജോലിയാണ്‌ എന്ന് അര്‍ഥം വരുന്ന ഗാനം സാക്ഷിയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടു.

ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്, ഏറ്റവും വലിയ ഒത്തുകളിക്കാരന്‍ ബിസിസിഐ പ്രസിഡന്റ് തന്നെയല്ലേ ? അഞ്ച് ഐപിഎല്ലിലും സെമിയിലെത്തിയ ഏക ടീം ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. ബിസിസിഐ അധ്യക്ഷന്റെ ടീം തന്നെ ഏറ്റവും മികച്ച ടീമായി മാറുമ്പോള്‍ അതില്‍ ദുരൂഹതയില്ലേ?

ഐപിഎല്‍ വാതുവെപ്പില്‍ അറസ്റ്റിലായ ബോളിവുഡ് താരം വിന്ദു ധാരാസിംഗ് സി എസ് കെയുടെ കളി കാണാന്‍ വിഐപി ബോക്‌സിലെത്തിയത് ശ്രീനിവാസന്റെ ജാമാതാവ് ഗുരുനാഥ് മെയ്യപ്പന്റെ ക്ഷണം സ്വീകരിച്ചായിരുന്നു. ഇപ്പോള്‍ കാര്യങ്ങളെല്ലാം കാഴ്ചക്കാര്‍ക്ക് വ്യക്തമാണ്. ശ്രീശാന്ത് ഒരു നത്തോലിയാണ്. വലയില്‍ അറിയാതെ കുരുങ്ങിയ ഒരു ചെറുമീന്‍. നത്തോലി ഒരു ചെറുമീനല്ലെന്ന് മറക്കുന്നില്ല, എന്നാല്‍ വമ്പന്‍ സ്രാവുകള്‍ വലയ്ക്ക് പുറത്താണ്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്