ഗണേഷ് പാര്‍ട്ടി പിളര്‍ത്തുന്നു, പിള്ളയെ അപ്രസക്തനാക്കാന്‍ നീക്കം!

Webdunia
വ്യാഴം, 3 മെയ് 2012 (20:30 IST)
PRO
‘എനിക്കൊരു വ്യക്തിത്വമുണ്ട്. അത് ആര്‍ക്കും അടിയറ വയ്ക്കാന്‍ തയ്യാറല്ല. ഞാന്‍ പാതാളത്തോളം ക്ഷമിച്ചു. ഇനി തയ്യാറല്ല. എനിക്ക് പറയാനുള്ളത് ഞാന്‍ ജനങ്ങളുടെ മധ്യത്തില്‍ നിന്ന് പറയാന്‍ സമയമായി എന്ന് തോന്നുന്നു” - വ്യാഴാഴ്ച മന്ത്രി കെ ബി ഗണേഷ്കുമാര്‍ വികാരഭരിതനായി പ്രസ്താവിച്ചു. എന്തായാലും ഗണേഷ് പറഞ്ഞ സമയം ആയിരിക്കുന്നു - അത് വെള്ളിയാഴ്ചയാണ്, സ്ഥലം പത്തനാപുരം.

കേരളാ കോണ്‍ഗ്രസ് ബി എന്ന പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കം ഗണേഷ് നടത്തുന്നതായാണ് സൂചന. ഇതിന്‍റെ ആദ്യപടിയായി ഗണേഷ് അനുകൂലികളുടെ യോഗം വെള്ളിയാഴ്ച പത്തനാപുരത്ത് നടക്കും. യോഗത്തില്‍ 14 ജില്ലകളിലെയും ഗണേഷ് അനുകൂലികള്‍ പങ്കെടുക്കും. ഇതൊരു മഹാസമ്മേളനമാക്കി മാറ്റാനാണ് ഗണേഷ് ശ്രമിക്കുന്നത്. പുതിയ പാര്‍ട്ടി ഈ യോഗത്തില്‍ പ്രഖ്യാപിക്കാനും നീക്കം നടക്കുന്നു.

ഇനി കൂടുതല്‍ ക്ഷമിക്കേണ്ടതില്ലെന്നാണ് ഗണേഷ് അനുകൂലികള്‍ ഗണേഷിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മാത്രമല്ല, പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള ഗണേഷിന്‍റെ നീക്കത്തിന് കോണ്‍ഗ്രസിന്‍റെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ ബാലകൃഷ്ണപിള്ളയെ അപ്രസക്തനാക്കുക എന്ന അജണ്ടയോടെയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്നാണ് സൂചന.

ബാലകൃഷ്ണപിള്ള ഇപ്പോള്‍ ഉമ്മന്‍‌ചാണ്ടിക്ക് ഉണ്ടാക്കിയിരിക്കുന്ന തലവേദന ചില്ലറയല്ല. ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നതില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്നാണ് പിള്ളയുടെ നിലപാട്. ഇക്കാര്യത്തില്‍ പിള്ളയ്ക്ക് എന്‍ എസ് എസിന്‍റെ പിന്തുണയുമുണ്ട്. പിള്ള പറയുന്നതുപോലെ ചെയ്യാന്‍ തല്‍ക്കാലം ഉമ്മന്‍‌ചാണ്ടിക്ക് നിര്‍വാഹമില്ല. അല്ലെങ്കില്‍ തന്നെ സര്‍ക്കാര്‍ നൂല്‍പ്പാലത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്!

ബാലകൃഷ്ണപിള്ളയെയും എന്‍ എസ് എസിനെയും ഒതുക്കണമെങ്കില്‍ ഗണേഷ് പുതിയ പാര്‍ട്ടിയുണ്ടാക്കുകയോ ഗണേഷ് വലിയ ബദല്‍ ശക്തിയായി മാറുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ പിള്ള-ഗണേഷ് വിവാദം പുതിയ രാഷ്ട്രീയ തലത്തിലേക്കാണ് നീങ്ങുന്നത്.