മന്ത്രി ഗണേശ്കുമാറിനെ രൂക്ഷമായി പരിഹസിച്ച് ബാലകൃഷ്ണ പിള്ള രംഗത്ത്. ഗണേശ് കുമാര്‍ മന്ത്രിയായതുകൊണ്ട് വനത്തിലെ മൃഗങ്ങളുടെ സംഖ്യ കൂടിയിട്ടുണ്ടെന്നും കോടനാട്ട് രണ്ട് ആന പ്രസവിച്ചെന്നും പിള്ള കളിയാക്കി. ഗണേശ്കുമാര്‍ മന്ത്രിക്കസേരയില്‍ അധികകാലം തുടരില്ലെന്നും പിള്ള പറഞ്ഞു.
മന്ത്രിക്കസേരയില്‍ പരമാവധി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ മാത്രമേ ഗണേശ് കുമാര്‍ ഉണ്ടാകുകയുള്ളൂ. മന്ത്രി ചിലരുടെ കൈകളിലാണ്. മന്ത്രിയെ സഹായിക്കുന്ന ചിലര്‍ അദ്ദേഹത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും പിള്ള പറഞ്ഞു. മന്ത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണല്ലോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ സി പി രാമസ്വാമിയും ശ്രദ്ധേയനായിരുന്നെന്നായിരുന്നു പിള്ളയുടെ മറുപടി. എന്നാല്‍ അദ്ദേഹം ജനദ്രോഹിയായിരുന്നെന്ന കാര്യവും മറക്കരുതെന്ന് പിള്ള കൂട്ടിച്ചേര്‍ത്തു.
അച്ഛനും മകനുമല്ല വിഷയമെന്നും പാര്‍ട്ടിയും മന്ത്രിയും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ തള്ളിപ്പറയുന്ന വ്യക്തിയെ അംഗീകരിക്കാനാകില്ല. യുഡിഎഫ് മര്യാദകേടാണ് കാട്ടുന്നത്. ഒരു കക്ഷി നിയമസഭയില്‍ മന്ത്രിയെ നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുമ്പോള്‍ മുന്നണിയ്ക്കു നേതൃത്വം നല്‍കുന്ന പാര്‍ട്ടി അത് അംഗീകരിക്കുകയാണ് വേണ്ടത്. പാര്‍ട്ടിയെ പിളര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കണമെങ്കില്‍ ആണത്തമാണ് വേണ്ടതെന്നും പിള്ള പറഞ്ഞു. മന്ത്രിസഭയില്‍ പാര്‍ട്ടിയ്ക്ക് പ്രത്യേക താത്പര്യമൊന്നുമുണ്ടായിട്ടല്ല ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.