ഉമ്മന്‍‌ചാണ്ടി വെറും ഗുലാനല്ല, തുറുപ്പുഗുലാന്‍!

Webdunia
വ്യാഴം, 18 ഡിസം‌ബര്‍ 2014 (14:25 IST)
യു ഡി എഫ് രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞുനില്‍ക്കുന്ന സമയമാണ്. കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസും മദ്യനയവുമെല്ലാം യു ഡി എഫിനെ പിടിച്ചുകുലുക്കിയിരിക്കുന്നു. വിവാദത്തിന്‍റെ നടുക്ക് കെ എം മാണിയാണെങ്കില്‍ മാണിക്ക് പൂര്‍ണ പിന്തുണയുമായി കേരള കോണ്‍‌ഗ്രസിന്‍റെ കോലം വയ്ക്കാത്ത കൊമ്പന്‍ പി സി ജോര്‍ജ്!
 
മാണിക്കെതിരായ വിവാദങ്ങളില്‍ ആദ്യമൊക്കെ പി സി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരെ ചില പരാമര്‍ശങ്ങളൊക്കെ നടത്തിയത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഉമ്മന്‍‌ചാണ്ടിയെ ഏറ്റവും അടുത്തറിയുന്ന ഒരു നേതാവ് പി സി ആയിരിക്കും എന്നതില്‍ സംശയമില്ല.
 
ഇത്തവണത്തെ 'വനിത' മാഗസിനില്‍ പി സി ജോര്‍ജ്ജുമായുള്ള അഭിമുഖമാണ് ഒരു പ്രധാന ആകര്‍ഷണം. അതില്‍ ചോദ്യകര്‍ത്താവ് ജോര്‍ജ്ജിനോട് ചോദിക്കുന്നു - "കേരള രാഷ്ട്രീയം ഒരു ചീട്ടുമേശയാണെങ്കില്‍ അതില്‍ ഗുലാന്‍ എന്ന് ആരെ വിളിക്കണം?".
 
ജോര്‍ജ്ജിന്‍റെ മറുപടി ഇതാ: "ഗുലാന്‍ എന്ന് വിളിച്ചാല്‍ പോരാ, തുറുപ്പുഗുലാന്‍ എന്ന് വിളിക്കണം. നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ. ചീട്ടുകളിയില്‍ അതിനുമുകളില്‍ ഒരു ചീട്ടില്ല".
 
കേരളത്തില്‍ യു ഡി എഫും എല്‍ ഡി എഫുമല്ലാതെ ഒരു മൂന്നാം ചേരിക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ എവിടെയായിരിക്കും കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഈ അഭിമുഖത്തില്‍ പി സി ജോര്‍ജ് പറയുന്നു.