ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. സോളാര്‍ കേസില്‍ ഈ രീതിയിലാണ് സര്‍ക്കാര്‍ അന്വേഷണം മുന്നോട്ടുപോകുന്നതെങ്കില്‍ അന്വേഷണ സംഘത്തലവന്‍ എ ഡി ജി പി ഹേമചന്ദ്രനെ വിളിച്ചുവരുത്തേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും യു ഡി എഫും സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ നിലപാടില്‍ എത്രനാള്‍ ഉറച്ചുനില്‍ക്കാന്‍ മുഖ്യമന്ത്രിക്കും യു ഡി എഫിനും കഴിയും എന്ന കാര്യം സംശയമാണ്. കോടതിയുടെ പരാമര്‍ശങ്ങള്‍ പഠിച്ചതിന് ശേഷം അഭിപ്രായം അറിയിക്കാമെന്നാണ് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്.
സാങ്കേതികമായ ന്യായവാദങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി മാറേണ്ടതില്ല എന്ന നിലപാടില്‍ തുടര്‍ന്നാലും അത് അധികം നീളില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. വളരെ ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയിരിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്ക് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് വി എസ് വ്യക്തമാക്കി. മുഖ്യമന്ത്രി അധികാരത്തില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കടുത്ത സമരങ്ങളെ നേരിടേണ്ടിവരുമെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവരും ചേര്‍ന്ന് ആലോചിച്ച് തീരുമാനമെടുക്കാന്‍ പ്രാധാന്യമുള്ള വിഷയങ്ങളാണിത്. ഹൈക്കോടതി പരാമര്‍ശം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കെ എം മാണി ഡല്‍ഹിയിലാണ്. അദ്ദേഹം മടങ്ങിയെത്തിയതിനു ശേഷം കൂടിയാലോചന നടത്തും. ഇപ്പോള്‍ ഒരു പ്രതിസന്ധിയിലാണ് സര്‍ക്കാരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങളില്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിട്ടുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.
അതേസമയം പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പ് കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. നേതൃമാറ്റം വേണമെന്ന ആവശ്യം ഔദ്യോഗികമായി ഉന്നയിക്കാന്‍ സമയമായോ എന്ന് ഐ വിഭാഗം പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.