ഇന്ന് അശോകന്‍, പണ്ടൊരു നരുന്തും

Webdunia
ഞായര്‍, 25 ജനുവരി 2009 (12:25 IST)
ജനുവരി നാലാം‌വാരത്തിലെ ‘ആഴ്ചമേള’ പംക്തിയില്‍ സിസ്റ്റര്‍ ജെസ്മിയും നടന്‍ അശോകനും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ബിജുവും തിരക്കഥാകൃത്ത് ജോണ്‍‌പോളും പറഞ്ഞ ചില രസകരമായ അനുഭവങ്ങള്‍.

നാരങ്ങാവെള്ളം വാങ്ങിക്കൊട്
PROPRO
തിരുവനന്തപുരം ബാലരാമപുരത്ത് ‘പെരുവഴിയമ്പലത്തി’ന്റെ ഷൂട്ടിംഗ് നടക്കുന്നു. ഞാനന്ന് തീരെ മെലിഞ്ഞിട്ടാണ്. ചെറിയ ചില ‘ഹരാസ്മെന്റു’ണ്ടായിരുന്നു പല ഭാഗത്തുനിന്നും. യൂണിറ്റിലൊരാള്‍ എന്നോട് നാരങ്ങാവെള്ളം വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. ചാഞ്ഞുകിടക്കുന്ന കൊമ്പിലല്ലേ എല്ലാവരും കയറൂ. എനിക്കത് വിഷമമായി. പത്മരാജന്‍ സാര്‍ ഈ സംഭവം എങ്ങനെയോ അറിഞ്ഞു. അദ്ദേഹം അപ്പോള്‍ തന്നെ അയാളെ വിളിച്ചുമാറ്റി നിറുത്തി വഴക്ക് പറഞ്ഞു - നടന്‍ അശോകന്‍

സിസ്റ്റര്‍ക്ക് നിഷിദ്ധമായ പാദം
കുരിശില്‍ കിടന്ന് വേദന തിന്നുന്ന യേശുവിന്റെ രൂപം കാണുമ്പോള്‍ ‘ഒരു കൊച്ചു സ്വപ്നത്തിന്‍ ചുറകുമായ് അവിടുത്തെ അരികില്‍ ഞാനിപ്പോള്‍ വന്നെങ്കില്‍’ എന്ന വരികളാണ് മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ ഇതിന്റെ രണ്ടാം പാദം ഒരു കന്യാസ്ത്രീക്ക് പാടാന്‍ പറ്റിയതല്ലെന്നത് വേറെ കാര്യം - സിസ്റ്റര്‍ ജെസ്മി

പട്ടിണിയില്‍ നിന്നൊരു സൂര്യോദയം
പട്ടിണി കിടന്നെഴുന്നേറ്റ് കൂലിപ്പണിക്ക് പോവുന്ന അച്ഛനേയും അമ്മയേയുമാണ് ഞാന്‍ കണ്ടിരുന്നത്. വരുമാനം ‘മൈനസ്’ ആകുന്ന ചില സന്ദര്‍ഭങ്ങളില്‍ മരച്ചീനിയാവും ആഹാരം. കാന്താരിമുളക് ഉപ്പുചേര്‍ത്തരച്ച ചമ്മന്തി മരച്ചീനിക്ക് കൂട്ടാവുമ്പോള്‍ ഞങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം ഇങ്ങനെയൊക്കെത്തന്നെയാവും എന്നായിരുന്നു അന്ന് കരുതിയിരുന്നത്. ഭക്ഷണം കഴിക്കാനില്ലാതെ പാടത്ത് പണിക്ക് പോയ അമ്മ പണിയെടുക്കാനാവാതെ തളര്‍ന്നുവീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട് - പി.കെ. ബിജു, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്

ഭരതന്റെ ഉദയാ സ്റ്റൈല്‍ കലാസംവിധാനം
ചിലപ്പോഴൊക്കെ ഭരതനില്‍ ഉദയാസ്വാധീനം തലപൊക്കാറുണ്ടായിരുന്നു. വൈശാലിയിലെ സ്വപ്നനൌകയുടെ ‘അരയന്നക്കിളിച്ചുണ്ടന്‍ തോണി’ ഒരുദാഹരണം. പവിത്രനും ജോര്‍ജ്ജ് കിത്തുവും ഞാനും ഒരുപാട് കളിയാക്കുമായിരുന്നു ഭരതനെ ഇതിന്റെ പേരില്‍. ആരോപണം നിഷേധിക്കില്ല ഭരതന്‍. പിന്നിലേക്ക് നീണ്ടുകിടക്കുന്ന മുടി കൈകൊണ്ടൊന്ന് മാടിയൊതുക്കും. തലവെട്ടിച്ച് ഒരു ചെറുചിരിയോടെ ഒരു വിസിലിംഗ്! അതിലടങ്ങും മറുപടി - ജോണ്‍ പോള്‍, തിരക്കഥാകൃത്ത്