ആധുനിക കാലത്തും അന്ധവിശ്വാസങ്ങള്‍ക്ക് അറുതിയില്ല: തന്ത്രവിദ്യ ചെയ്ത ടെക്കിയുടെ ഭാര്യ മരിച്ചു, ഒജോ ബോര്‍ഡിലൂടെ പ്രേതസല്ലാപം ഇന്റെര്‍നെറ്റിലും

Webdunia
വ്യാഴം, 3 ഒക്‌ടോബര്‍ 2013 (11:02 IST)
PRO
നാസികിലെ മാലെഗണ്‍ ഗ്രാമത്തില്‍ എളുപ്പമാര്‍ഗത്തിലൂടെ പണക്കാരാവാന്‍ ശ്രമിച്ച യുവതിക്കും മകള്‍ക്കും നഷ്ടപ്പെട്ടത് മാനം, ഹൈദരാബാദില്‍ ഐടി വിദഗ്ദന്റെ ഭാര്യ താന്ത്രിക പൂജ അനുഷ്ഠിച്ചതിനെത്തുടര്‍ന്ന് കഴുത്തുമുറിഞ്ഞ് കൊല്ലപ്പെട്ടു. അത്ഭുതപ്പെടേണ്ട ഇതൊക്കെ നടന്നത് ആധുനിക യുഗത്തിലാണെന്ന് അഭിമാനിക്കുന്ന നമ്മുടെ ഇടയില്‍ത്തന്നെ.

വിദ്യാഭ്യാസത്തിനും ബോധവത്കരണങ്ങള്‍ക്കും മറ്റും നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്ന ഇത്തരം അന്ധമായ വിശ്വാസങ്ങളെ തുരത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത്തരം വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ആധുനിക ലോകത്തിന്റെ സന്തതിയായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മാധ്യമങ്ങളെപ്പോലും ഇത്തരം ആള്‍ക്കാര്‍ ഇവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്നതാണ് വിരോധാഭാസം.

പ്രേതങ്ങളുമായി സല്ലപിക്കുന്ന ഓജോ ബോര്‍ഡ് ഇപ്പോഴും സജീവം- ഇന്റെര്‍നെറ്റിലും സോഷ്യല്‍ സെറ്റിലും- അടുത്തപേജ്

PRO

പരേതാത്മാക്കളോട് സംസാരിക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഉപകരണമെന്ന് ഓജോ ബോര്‍ഡ്. ഒരു സമയത്ത് നമ്മുടെ കൊച്ചുകേരളത്തിലെയും യുവജനങ്ങളെയും ഓജോബോര്‍ഡ് ജ്വരം ആവേശിച്ചിരുന്നു.

ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ താരതമ്യേന കുറവാണെങ്കിലും ഓജോ ബോര്‍ഡ് അനുഭവങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുകയും ഇന്റെര്‍നെറ്റിലൂടെ ലഭ്യമായ ഓജോ ബോര്‍ഡിന് അടിമപ്പെട്ടവരും ധാരാളം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫേസ്‌ബുക്കില്‍ ഒരു സുഹൃത്തിന്റെ അനുഭവം നോക്കൂ- ‘നാണയത്തില്‍ വിരല്‍ വച്ച് ഞാന്‍ ആത്മാവിനെ വിളിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ എന്റെ വിരല്‍ ചലിക്കാന്‍ തുടങ്ങി. എനിക്ക് കൈ തിരികെ എടുക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ തുടങ്ങി. വല്ലാത്ത ഒരു അവസ്ഥയിലും ലോകത്തും ഞാന്‍ എത്തപ്പെട്ടു. ഒടുവില്‍ ആ സ്പിരിറ്റിനോട് യാത്ര പറഞ്ഞു‘.

എന്താണ് ഓജോബോര്‍ഡ്?- അടുത്ത പേജ്

എന്താണ് ഓജോബോര്‍ഡ്?
PRO

ഇംഗ്ലീഷ് അക്ഷരമാലയും പൂജ്യം മുതല്‍ ഒമ്പതുവരെയുള്ള അക്കങ്ങളും ക്രമത്തില്‍ എഴുതിയ ബോര്‍ഡാണ്. ഇതില്‍ ഒരു നാണയം വെച്ചശേഷം അതില്‍ വിരല്‍ വെച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ അത് അക്ഷരങ്ങളിലേക്ക് സ്വയം ചലിച്ച് ഉത്തരം നല്‍കുമെന്നാണ് വിശ്വാസം.

ഇത് പരീക്ഷിച്ചു നോക്കുന്നവരില്‍ പ്രശസ്തരുള്‍പ്പടെ പലരും ഉണ്ട് .പക്ഷേ സെല്‍‌ഫ് ഹിപ്നോട്ടിസത്തിന്റെ മറ്റൊരു രൂപമായ ഇതിന്റെ അടിമകളായാല്‍ ഗുരുതരമാനസികപ്രശ്നങ്ങളാവും ഉണ്ടാവുകയെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

വശീകരണവും ആഭിചാരവുമായി ആധുനിക ഒടിയന്മാര്‍- അടുത്ത പേജ്


വശീകരണവും ആഭിചാരവുമായി ആധുനിക ഒടിയന്മാര്‍
PRO


നാട്ടിന്‍‌പുറങ്ങളില്‍ ഒടിവിദ്യ എന്ന ശത്രുസംഹാരവിദ്യ ഉപയോഗിച്ച് ആളുകളെ അപായപ്പെടുത്തി കൊല്ലാന്‍ കഴിവുണ്ടായിരുന്നെന്ന് പറയപ്പെടുന്ന ഒരു വിഭാഗമാണ് ഒടിയന്‍‌മാര്‍. ഒരുകാലത്ത് മുത്തശ്ശിക്കഥകളുടെ അവിഭാജ്യഘടകമായിരുന്നു ഈ ഒടിയന്മാര്‍.

ഒടിയന്‍ കാളയായും പോത്തായും പൂച്ചയായും വരാം. വീട്ടിലേക്ക് രാത്രി വരുമ്പോള്‍ ഇരുള്‍നിറഞ്ഞ വഴികളില്‍ വച്ച് ആക്രമിക്കുമത്രെ.

ഒരു കാലത്ത് കോട്ടയത്തിനും ആലപ്പുഴയ്ക്കും ഇടയ്ക്ക് ഒരു പ്രത്യേക പ്രദേശത്ത് നടമാടിയിരുന്ന ഒരു വിദ്യയുടെ മറ്റൊരു രൂപമായിരുന്നുവെന്ന് ഇത് പറയപ്പെടുന്ന. രാത്രികാലങ്ങളില്‍ മൃഗങ്ങളുടെ കൊമ്പും തോലും ഉപയോഗിച്ച് വേഷം കെട്ടി യാത്രക്കാരെ ഇവിടെ പേടിപ്പിച്ചിരുന്നെന്നും കൊലചെയ്തിരുന്നെന്നും കഥകളുണ്ട്. അറവുശാലകളില്‍ നിന്നും ലഭിക്കുന്ന മാടിന്റെ കാല്‍ പൊയ്ക്കാല്‍ പോലെ കാലില്‍ വച്ചുകെട്ടിയാണത്രെ ഈ വിദ്യ പ്രയോഗിച്ചിരുന്നത്.

തങ്ങളെ പലവിധത്തില്‍ പീഡിപ്പിക്കുന്ന സമൂഹത്തിലെ പകല്‍മാന്യന്മാരായ പ്രമാണിമാരെ നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന അധഃസ്ഥിതവിഭാഗക്കാരുടെ ഒരു ഒളിപ്പോരായിരുന്നു ഈ ഒടിവിദ്യയെന്നും അതിന് ഒരു നിഗൂഡപരിവേഷം നല്‍കുകയായിരുന്നുവെന്നും ചിലര്‍ പറയുന്നു.

പാല്‍ വച്ച്, ചകിരി വച്ച് മൂന്നാം ദിവസം തട്ടിപ്പ്; മന്ത്രവാദി പിടിയില്‍- അടുത്ത പേജ്

PRO
ഈ അടുത്ത കാലത്ത് കേരളത്തില്‍ നടന്ന ഒരു മന്ത്രവാദ തട്ടിപ്പ്. കൂത്താട്ടുകുളം സ്വദേശിയായ ബാലസുബ്രഹ്മണ്യം (56) ആണ്‌ പിടിയിലായത്‌. തട്ടിപ്പ് നടത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്.

കാരയ്ക്കല്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന്‌ നിധി എടുത്തുനല്‍കാമെന്നു വിശ്വസിപ്പിച്ചാണ്‌ 54 ഗ്രാം സ്വര്‍ണവും പതിനായിരം രൂപയും തട്ടിയെടുത്തത്‌. പാല്‍ വച്ച്, ചകിരി വച്ച് ഏറെ വിചിത്രമായ രീതിയിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഒരാഴ്ച മുന്‍പ്‌ ജോസി മാത്യുവിന്റെ വീട്ടിലെത്തിയ ബാലസുബ്രഹ്മണ്യം വീടിനു മുന്‍പില്‍ പ്രത്യേക സ്ഥാനത്ത്‌ ഒരു പാത്രം പാല്‍ വച്ചു.

പിറ്റേദിവസം ഇതേ സ്ഥലത്ത്‌ വീട്ടുകാരുടെ മുന്‍പില്‍ ചകിരി വച്ചു. മൂന്നാം ദിവസം ഇവിടെ ഈര്‍ക്കില്‍ വച്ച്‌ കുത്താന്‍ വീട്ടുകാരോട്‌ ആവശ്യപ്പെട്ടു. പാത്രത്തില്‍ തട്ടുന്ന ശബ്ദം കേട്ടപ്പോള്‍ നിധിയാണെന്നു പറഞ്ഞ്‌ ഒരു പാത്രം കുഴിച്ചെടുത്തു. ഇതില്‍ സ്വര്‍ണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഇയാള്‍ വീട്ടുകാരുടെ സ്വര്‍ണം കൂടി ഇതിലിട്ടുവയ്ക്കണമെന്നും പറഞ്ഞു.

ഇതനുസരിച്ച്‌ വീട്ടുകാര്‍ 54 ഗ്രാമിന്റെ സ്വര്‍ണം പാത്രത്തില്‍ വച്ചു. പാത്രം തുറക്കരുതെന്നും തന്റെ പ്രാര്‍ഥന കഴിഞ്ഞ്‌ മാത്രമേ തുറക്കാവൂ എന്നും പറഞ്ഞു. എന്നാല്‍ നാലു ദിവസം കാത്ത് നിന്നിട്ടും മന്ത്രവാദിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പാത്രം തുറന്ന് നോക്കി. പാത്രത്തില്‍ മണ്ണു മാത്രമാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ പൊലീസില്‍ പരാതി നല്‍കി. പൊലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തു. ചങ്ങനാശേരിയിലെ സ്വകാര്യ ബാങ്കില്‍ പണയം വച്ച സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തു.

സോഷ്യല്‍ സൈറ്റുകളിലൂടെ സാത്താന്‍ ആരാധനയും പ്രചരിക്കുന്നു-അടുത്ത പേജ്

സോഷ്യല്‍ സൈറ്റുകളിലൂടെ സാത്താന്‍ ആരാധനയും പ്രചരിക്കുന്നു.

PRO

ഓരോ കാലഘട്ടത്തിലും ആത്മീയ കേന്ദ്രങ്ങള്‍ ഓരോ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് യുവാക്കളിലേക്കുള്ള സാത്താന്‍ ആരാധനയെന്ന ആത്മീയ വൈകൃതത്തിന്റെ കടന്നു കയറ്റത്തെക്കുറിച്ചാണ്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് ഇത്തരം ആശയങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നത്.

സാത്താന്‍ ആരാധനയ്ക്ക് അടിമപ്പെടുന്നത് യുവാക്കള്‍?

അമേരിക്കയില്‍ സ്ഥാപിതമായ ചര്‍ച്ച് ഓഫ് സാത്താന്‍ ഇന്ന് ലോകമെമ്പാടും തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ സൈറ്റിലും അനുബന്ധ സംഘടനകളിലും അംഗങ്ങളായവരില്‍ മലയാ‍ളികളുമുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്.

ഈ സംഘടനയില്‍ രണ്ടു തരം അംഗങ്ങള്‍ ആണുള്ളത്. സാധാരണ അംഗങ്ങളും ആക്ടീവ് അംഗങ്ങളും. ആക്ടീവ് അംഗങ്ങളായി എല്ലാവര്‍ക്കും ചേരാന്‍ സാധിക്കില്ല. പ്രവര്‍ത്തന മികവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം സംഘം നേരിട്ടു ക്ഷണിച്ചാലേ ആക്ടീവ് മെമ്പര്‍ ആകാന്‍ സാധിക്കൂ. അവിടെയും വിശ്വാസമാര്‍ജിച്ചാല്‍ പൂജകള്‍ അര്‍പ്പിക്കുന്നതില്‍ തുടങ്ങി മറ്റ് ആരാധനകളിലെല്ലാം പങ്കെടുക്കാന്‍ കഴിയും. നിലവിലെ ഒരു അംഗത്തിന്റെ കൂടെ മാത്രമേ ഇവിടെ പ്രവേശിക്കാന്‍ കഴിയൂ.

കോളജ് വിദ്യാര്‍ഥികളിലൂടെ ഇവരുടെ പ്രചരണവേല നിര്‍ബാധം നടത്തുന്നുവെന്നാണ് സൂചന. മയക്കുമരുന്ന് നല്‍കിയും മറ്റും ഇവരുടെ വഴിയിലേക്ക് ആകര്‍ഷിക്കുകയാണ് ആദ്യം ചെയ്യുക. ആദ്യ ഘട്ടങ്ങളില്‍ ആവശ്യത്തിന് മയക്കുമരുന്ന് നല്‍കുന്ന ഇവര്‍ പതുക്കെ അത് നിര്‍ത്തും. ഇതിനകം മയക്കുമരുന്നിന് അടിമയായിക്കഴിഞ്ഞവര്‍ പിന്നീട് ഇവര്‍ പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാകും.

അടുത്ത പേജില്‍ - രക്തം മരവിപ്പിക്കുന്ന ചടങ്ങുകള്‍


രക്തം മരവിപ്പിക്കുന്ന ചടങ്ങുകള്‍
PRO

ആദ്യ ഘട്ടം സ്വന്തം രക്തത്തില്‍ തയാറാക്കുന്ന ഒരു സമ്മതപത്രമാണെന്ന് ഇതില്‍ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ വിശദീകരിക്കുന്നു. ആരാധിക്കുന്നവരുടെ ആത്മാവ് സാത്താന് കടപ്പെട്ടു എന്നുള്ളതാണ് ഈ സമ്മതപത്രം. പിന്നീട് അവര്‍ കണ്ണുകള്‍ മറയ്ക്കാന്‍ ഒരു ആവരണം നല്‍കും. ആ ആവരണം ധരിച്ചു കഴിയുമ്പോള്‍ ഒരു പാനീയം കുടിക്കാന്‍ നല്‍കും.

വൈനെന്നു പറഞ്ഞു നല്‍കുന്ന അതിന് പച്ചരക്തത്തിന്‍റെ ചുവയാണ്. തൊണ്ടയില്‍ കൂടി ഇറങ്ങുമ്പോള്‍ പൊള്ളുന്നത് പോലെ തോന്നും. മയക്കുമരുന്നു കലര്‍ത്തിയ അത് കുടിക്കുമ്പോള്‍ മറ്റൊരു ലോകത്തെത്തിയതു പോലെയാണ്. പിന്നെ ഭീകരമായ നൃത്തവും പാട്ടും പൂജകളുമൊക്കെയാണ്.”

സാത്താനിക് മാസ്, സാത്താനിക് സോംഗ്സ് എന്നിങ്ങനെ വിദേശ സാത്താനിക് ഓഡിയോ സിഡികളാണ് അവിടെ പ്ലേ ചെയ്യുന്നത്. സാത്താനിക്‌ മാസ്‌, ലൂസിഫറെന്നറിയപ്പെടുന്ന സംഘത്തലവന്‍റെ പ്രസംഗം, സാത്താനിക ബൈബിള്‍ വായന, ദൈവിക ചടങ്ങുകളെ അപമാനിക്കുക, ദേവാലയങ്ങളില്‍ വിതരണം ചെയ്യുന്ന വിശുദ്ധ അപ്പം വൈനില്‍ മുക്കിയിട്ട്‌ മുറിച്ച്‌ തുണ്ടം തുണ്ടമാക്കുക തുടങ്ങിയവയാണ്‌ പ്രധാന ചടങ്ങുകള്‍

അടുത്ത പേജില്‍ - ജാഗ്രത പുലര്‍ത്താന്‍ പള്ളികളില്‍ നിര്‍ദ്ദേശം


ജാഗ്രത പുലര്‍ത്താന്‍ പള്ളികളില്‍ നിര്‍ദ്ദേശം
PRO

പല പള്ളികളിലും പുരോഹിതന്മാര്‍ സാത്താന്‍ ആരാധനയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. കുര്‍ബാന സമയത്ത് വിശ്വാസികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്ന ഓസ്തി ഒളിച്ചുകടത്തുന്നതായി സഭ തന്നെ പലയിടങ്ങളിലും കണ്ടെത്തിയിരുന്നു.

ഇതര മതഗ്രന്ഥങ്ങളെ അപമാനിക്കുന്നതില്‍ തുടങ്ങി ലൈംഗിക വൈകൃതങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മറ്റും ഇത് കാരണമായപ്പോഴാണ് അന്വേഷണമാരംഭിച്ചത് പക്ഷേ ഇതിന്റെ രഹസ്യ സ്വഭാവം മൂലം തെളിവുകളില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ എങ്ങുമെത്താതെ പോവുകയായിരുന്നു.

കുപ്പായം ഊരിയ വൈദികരെ കണ്ടെത്താന്‍ സാത്താന്‍ ആരാധകര്‍ വെബ്സൈറ്റുകളില്‍ പരസ്യം നല്‍കിയത് വിവാദമായിരുന്നു. കുപ്പായം ഊരിയ പുരോഹിതര്‍ക്ക് സാത്താന്‍ ആരാധകരുടെ ഇടയില്‍ വന്‍ ഡിമാന്റാണ്. ഇത്തരക്കാര്‍ പൂജ നടത്തിയാല്‍ സാത്താന്‍ പെട്ടെന്ന് സം‌പ്രീതനാകുമെന്നാണ് വിശ്വാസം.

അടുത്ത പേജില്‍ - ദൈവനിന്ദയ്ക്കുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും



ദൈവനിന്ദയ്ക്കുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും
PRO

ദൈവനിന്ദ അടങ്ങുന്ന ഈ സാത്താന്‍ ആരാധനയ്ക്കാ‍യുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും ഇന്‍റര്‍നെറ്റിലൂടെ വര്‍ദ്ധിച്ചിട്ടുണ്ട് തലതിരിഞ്ഞ കുരിശ്, കറുത്ത മെഴുകുതിരികള്‍, തലയോട്ടി ചിഹ്നവും, സ്വസ്തിക് ചിഹ്നവും പരിശുദ്ധമായ കൊന്തയുടെ സാത്താന്‍ പ്രതിരൂപങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. തലയോട്ടി ആകൃതിയിലുള്ള പതിമൂന്ന് മുത്തുമണികള്‍ അടങ്ങിയ മാലയാണത്രെ സാത്താന്‍ ആരാധകര്‍ ഉപയോഗിക്കുന്നത്.

ആഭിചാരക്രിയകളുടെ മറവില്‍ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കിടയില്‍ നടക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് മറയായി ഭീതി പടര്‍ത്താ‍ന്‍ തല തിരിഞ്ഞ ഈ വിശ്വാസത്തിന്റെ ഒരു മറയും. ഇനി ഇ - മെയിലിലോ ഫേസ്ബുക്കിലോ മറ്റോ സാത്താന്‍ ലോകത്തേക്ക് ക്ഷണിച്ചു കോണ്ടുള്ള സന്ദേശം തുറക്കുന്നതിനു മുന്‍പ് ഓര്‍ക്കുക, കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള ഒരു വാതിലാണ് നിങ്ങള്‍ തുറക്കുന്നത്.


വെള്ളി മൂങ്ങയെന്ന കള്ളമൂങ്ങ- അടുത്ത പേജ്



PRO
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലയുണ്ടെന്ന്‌ അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന്‌ സംസ്ഥാനത്തു വളര്‍ന്ന ബിസിനസ്‌ ശൃംഖലയാണ്‌ വെള്ളമൂങ്ങ, ഇരുതലമൂരി, നക്ഷത്ര ആമ എന്നിവയുടെ കച്ചവടം. ഇവയുടെയെല്ലാം പ്രധാന ആവശ്യക്കാര്‍ ആരാണെന്നും ഉപയോഗമെന്തെന്നും ഇപ്പോഴും വ്യക്തമല്ല എന്നാല്‍ ചിലവെബ്സൈറ്റുകളിലും മറ്റും ചിലര്‍ നല്‍കിയ സൂചനകള്‍ വച്ചും പിടിയിലായവര്‍ നല്‍കിയ വിവരങ്ങള്‍ വച്ചും ഈ പാവം ജീവിയെ ബലികൊടുക്കുന്നതു മുതല്‍ വീടിനുള്ളില്‍ വളര്‍ത്തുന്നത് വരെ പോകുന്നു കുറ്റകൃത്യങ്ങളുടെ പരമ്പര.

ഇന്ത്യയില്‍ കണ്ടു വരുന്ന വംശ നാശം നേരിടുന്ന ഒരു ജീവിയുമാണ് വെള്ളി മൂങ്ങ. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ വെള്ളിമൂങ്ങയെ ഉള്‍‌പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇവയെ കൈവശം വയ്ക്കുന്നതും കൊല്ലുന്നതും കൈമാറുന്നതുമൊക്കെ കുറ്റകരമാണ്.

ആരോഗ്യരംഗത്തെ അന്ധവിശ്വാസങ്ങളില്‍ ഒന്ന് വെള്ളിമൂങ്ങയുടെ ഔഷധഗുണത്തെ പറ്റിയാണ്. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും കുഷ്ഠം തുടങ്ങിയ മാറാരോഗങ്ങള്‍ ഭേദപ്പെടുത്താനും വെള്ളിമൂങ്ങയുടെ മാംസം കഴിച്ചാല്‍ മതിയെന്ന് പലരും വിശ്വസിക്കുന്നു. വെള്ളിമൂങ്ങയുടെ കണ്ണില്‍ നിന്നുവരുന്ന രശ്മികള്‍ വെറുതെയൊന്ന് ഏറ്റാല്‍ മതി ഏതു മാറാരോഗവും മാറും എന്ന് വിശ്വസിപ്പിച്ച്, ‘രശ്മിയേല്‍‌പ്പിച്ച്’ പണം പിടുങ്ങുന്ന വ്യാജസിദ്ധന്മാരും ഉണ്ട്.

യൂറോപ്പിലും അറേബ്യന്‍ രാജ്യങ്ങളിലും വെള്ളിമൂങ്ങയ്ക്ക് വന്‍ ഡിമാന്‍ഡാണ്. ഒരുലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് വെള്ളിമൂങ്ങയുടെ വില. വലുപ്പത്തിനനുസരിച്ച് വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും. നല്ല തൂക്കമുള്ള ഒരു വെള്ളിമൂങ്ങയ്ക്ക് പത്തുലക്ഷം രൂപ വരെ കിട്ടിയ ചരിത്രമുണ്ടെത്രെ.

ശത്രുവിന്റെ കണ്ണുപൊട്ടിക്കാനും മൂങ്ങാ മന്ത്രവാദം- അടുത്ത പേജ്


ശത്രുവിന്റെ കണ്ണ് പൊട്ടാനായി വെള്ളിമൂങ്ങയുടെ കണ്ണ് കുത്തിപ്പൊട്ടിക്കും
PRO

പല രാജ്യങ്ങളിലും ‘നിഴല്‍‌ക്കുത്ത്’ (വൂഡൂയിസം) നടത്താന്‍ വെള്ളിമൂങ്ങകളെ ഉപയോഗിക്കാറുണ്ട്. നിഴല്‍‌ക്കുത്തിലെന്ന പോലെ, ശത്രുവിനെ വെള്ളിമൂങ്ങയായി സങ്കല്‍‌പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തുടര്‍ന്ന് ശത്രുവിന്റെ കണ്ണ് പൊട്ടാനായി വെള്ളിമൂങ്ങയുടെ കണ്ണ് കുത്തിപ്പൊട്ടിക്കും. അല്ലെങ്കില്‍ ശത്രുവിന്റെ കയ്യൊടിയാനായി വെള്ളിമൂങ്ങയുടെ ചിറകുകള്‍ ഒടിക്കും.

ഉത്തരേന്ത്യയില്‍ വെള്ളിമൂങ്ങയ്ക്ക് വന്‍ ഡിമാന്‍ഡാണ് ഉള്ളത്. വിവിധ കാര്യലബ്ധിക്കായി നടത്തുന്ന മന്ത്രോച്ചാടന ചടങ്ങുകളില്‍ വെള്ളിമൂങ്ങയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഉപാസിക്കുന്ന ദുര്‍‌ദേവതയെ പ്രീതിപ്പെടുത്താനായി വെള്ളിമൂങ്ങയെ കൊല്ലുകയോ അല്ലെങ്കില്‍ മൂങ്ങയുടെ ഒരു ചിറക് ബലമായി ഒടിക്കുകയോ ചെയ്യുമെത്രെ.

ദീപാവലിയുടെ സമയത്ത് ഉത്തരേന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ചിറകൊടിഞ്ഞ രീതിയില്‍ വെള്ളിമൂങ്ങകളെ ലഭിക്കുന്നത് മൃഗസംരക്ഷണവകുപ്പിനെ അത്ഭുതപ്പെടുത്തിയിരുന്നു. അന്വേഷണം നടത്തിയപ്പോഴാണ് മന്ത്രവാദത്തില്‍ ചിറകൊടിക്കപ്പെട്ട മൂങ്ങകളാണ് ഇതെന്ന് മനസിലാവുന്നത്. അന്ധവിശ്വാസത്തിന് വേണ്ടി വെള്ളിമൂങ്ങകളെ വേട്ടയാടുന്നത് തുടര്‍ന്നാന്‍ ഈ ജീവിവര്‍ഗം അടുത്തുതന്നെ കുറ്റിയറ്റ് പോവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാഗമാണിക്യമെന്ന ഇല്ലാത്ത മാണിക്യം- അടുത്ത പേജ്




മീന്‍ഗുളിക നാഗമാണിക്യമെന്ന് പറഞ്ഞ് തട്ടിപ്പ്
PRO

നാഗമാണിക്യമെന്ന വ്യാജേന മീന്‍ഗുളിക നല്‍കി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഘം കഴിഞ്ഞവര്‍ഷം പൊലീസ്‌ പിടിയിലായിരുന്നു. കൊടുങ്ങല്ലൂര്‍ പൂവത്തിന്‍കാവ്‌ തോട്ടുപുറത്ത്‌ സുരേന്ദ്രന്‍ എന്ന മുരുകേശന്‍(50), പത്തനംതിട്ട കോന്നി എലിമുള്ള്‌പ്ലാക്കല്‍ കിഴക്കേതില്‍ ഷിബു(32), തമിഴ്‌നാട്‌ ആണ്ടിപ്പെട്ടി പുതുക്കോട്ട ശിങ്കിരി(45), തേനി വരശുനാട്‌ സ്വദേശിയും വണ്ടിപ്പെരിയാറില്‍ താമസമാക്കിയ നാഗരാജ്‌(58), ബോഡി രാമനാഥപുരം വീരകൃഷ്‌ണ(43) എന്നിവരെയാണ്‌ നെടുങ്കണ്ടം പൊലീസ്‌ കുടുക്കിയത്‌.

മാവടി ചീനിപ്പാറ സ്വദേശിയായ പുത്തന്‍പുരയ്‌ക്കല്‍ ജോണിക്കുട്ടിയില്‍ നിന്നാണ് നാഗമാണിക്യം നല്‍കാമെന്നു വാഗ്ദാനം നല്‍കി ഓഗസ്‌റ്റ് 22 നു സംഘം ഒരു ലക്ഷം രൂപ വാങ്ങി. ജോണിക്കുട്ടിയും സുരേന്ദ്രനും പെരുമ്പാവൂരിലെ തടിമില്ലില്‍ വച്ചുണ്ടായ സുഹൃദ്‌ബന്ധമാണ്‌ നാഗമാണിക്യം കച്ചവടത്തിലേക്ക്‌ എത്തിച്ചത്‌. എന്നാല്‍ പിന്നീടു ഇവര്‍ മറുപടിയൊന്നും നല്‍കാതെ വന്നതിനാല്‍ സംഘത്തില്‍പ്പെട്ടവരെ ബാക്കി തുക നല്‍കാമെന്നു പറഞ്ഞ്‌ തന്ത്രപൂര്‍വം നെടുങ്കണ്ടത്ത്‌ എത്തിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാവിലെ നെടുങ്കണ്ടത്ത്‌ എത്തിയ സംഘാംഗങ്ങള്‍ ടൗണിലെ ലോഡ്‌ജില്‍ തങ്ങി. നാഗമാണിക്യം നേരിട്ട്‌ കണ്ടാല്‍ മാത്രമേ രൂപ നല്‍കുകയുള്ളൂവെന്നു പറഞ്ഞു.

പൂജ നടത്തുന്നതിനെന്നു പറഞ്ഞ് സംഘത്തിനു മൈനര്‍സിറ്റിലെ ആളൊഴിഞ്ഞ വീട്‌ എടുത്തിരുന്നു. പിന്നീട് ഇവരുടെ സംസാരത്തില്‍ സംശയം തോന്നിയതോടെ സംശയം തോന്നിയ ജോണിക്കുട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു വൈകുന്നേരം ഏഴോടെ വീട്ടില്‍ നടക്കുന്ന പൂജയില്‍ മാത്രമേ നാഗമാണിക്യം കാണാനാകുകയുള്ളൂവെന്നു പറഞ്ഞതു പ്രകാരം ജോണിക്കുട്ടിയും ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ എന്ന വ്യാജേന എ എസ്‌ ഐ. സാബു മാത്യുവും പൂജയില്‍ പങ്കെടുത്തു.

അകത്ത് പൂജ നടക്കുമ്പോള്‍ വീട് പൊലീസ് വളഞ്ഞു. പൂജകള്‍ക്കിടെ നാഗമാണിക്യത്തിന്റെ ശക്‌തിയും മാണിക്യത്തിലെ പ്രകാശത്തിന്റെ തീവ്രതയും സംഘം വ്യാജമായി സൃഷ്‌ടിച്ച്‌ ഇരുവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. തങ്ങള്‍ക്കു വിശ്വാസമായതായും വാഹനത്തില്‍ നിന്നു പണം എടുത്തു തിരികെ എത്താമെന്നും അറിയിച്ച്‌ പുറത്തിറങ്ങിയ എ എസ്‌ ഐ. സാബുവും ജോണിക്കുട്ടിയും പുറത്തു കാത്തുനിന്ന എസ്‌ ഐയെ വിവരമറിയിച്ചു. തുടര്‍ന്നു പൊലീസ്‌ സംഘം ഇവരെ ബലം‌പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഷിബുവിനെ പൊലീസ്‌ കയറുപയോഗിച്ചാണ്‌ പിടികൂടിയത്‌. ഏതാനും ഉദ്യോഗസ്‌ഥര്‍ക്ക്‌ നിസാര പരിക്കേല്‍ക്കുകയും ചെയ്‌തു. വൈറ്റമിന്‍ അടങ്ങിയ മീന്‍ ഗുളികകളാണ്‌ ഇവര്‍ മാണിക്യക്കല്ലായി ഉപയോഗിച്ചിരുന്നത്‌. ചെമ്പുകമ്പി, പെന്‍ടോര്‍ച്ച്‌ ബാറ്ററി, എല്‍ ഇ ഡി ബള്‍ബ്‌, മീന്‍ ഗുളികകള്‍ എന്നിവ തട്ടിപ്പിനായി ഉപയോഗിച്ചു. അടുത്ത മുറിയില്‍ നിന്നും ചെമ്പുകമ്പിയിലൂടെ ബാറ്ററിയില്‍ നിന്നുള്ള കണക്ഷന്‍ നല്‍കി എല്‍ ഇ ഡി. ബള്‍ബ്‌ കത്തിക്കുകയും ഈ വെളിച്ചം ഈറ്റക്കുഴലിലൂടെ കടത്തിവിട്ട്‌ ഒരടി ഉയരത്തില്‍ വച്ചിരിക്കുന്ന മീന്‍ഗുളികയിലേക്ക്‌ അടിപ്പിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന തിളക്കമാണ്‌ നാഗമാണിക്യമായി സൃഷ്‌ടിച്ചത്‌. പ്രകാശം വര്‍ധിപ്പിക്കുന്നതിനു ഫാനിന്റെ റെഗുലേറ്റര്‍ സ്വിച്ചാണ്‌ ഉപയോഗിച്ചിരുന്നത്‌.

നാഗമാണിക്യം കോടികള്‍ക്കു മറിച്ചുവിറ്റ്‌ ധനികനാകാമെന്നും വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നും പറഞ്ഞ്‌ സംഘത്തില്‍പ്പെട്ടവര്‍ ജോണിക്കുട്ടിയെ പ്രലോഭിപ്പിച്ചിരുന്നു. എസ്‌ ഐ പി ടി വര്‍ക്കി, എ എസ്‌ ഐമാരായ സാബു മാത്യു, പി ജി ബാബു, സിവില്‍ പൊലീസ്‌ ഉദ്യോഗസ്‌ഥരായ ഡി മനോജ്‌, കെ എം സാബു, ജി. പ്രകാശ്‌, അജീഷ്‌ അലിയാര്‍, ഹോം ഗാര്‍ഡുമാരായ ഗോപിനാഥ്‌, ജോസഫ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. വണ്ടിപ്പെരിയാര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ മുമ്പ്‌ നാഗമാണിക്യ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

തലയുള്ളവര്‍ പണം തട്ടും, ഇരുതലമൂരിയെക്കൊണ്ടും-അടുത്ത പേജ്

തലയുള്ളവര്‍ പണം തട്ടും, ഇരുതലമൂരിയെക്കൊണ്ടും
PRO

‘ഇരുതലമൂരി‘ രണ്ടുവശത്തും തലയുണ്ടെന്ന്‌ പേര്‌ കേട്ട്‌ തെറ്റിദ്ധരിച്ചേക്കാം. തല ഒന്നേയുള്ളു. എന്നാല്‍ വാല്‍കുറുകി തലയുടെ ആകൃതിയിലാണിരിക്കുന്നത്‌. അതുകൊണ്ടാവണം ഈ പേരില്‍ അറിയപ്പെടുന്നത്‌. വാലും തലയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. ചെറിയ ഇനം പാമ്പാണ്‌. ചുവപ്പ്‌, കറുപ്പ്‌, തവിട്ടു നിറങ്ങളില്‍ കാണപ്പെടുന്നു. ഡബിള്‍ എഞ്ചിനെന്നായിരുന്നു മാര്‍ക്കറ്റില്‍ ഇവയുടെ കോഡ്.

ഇരതലമൂരിയെ വാങ്ങി വീട്ടില്‍ വച്ചാല്‍ ബിസിനസില്‍ കയറ്റമെന്നാണ് അന്ധവിശ്വാസം. പണം മുടക്കി വാങ്ങിയവര്‍ക്കും വിറ്റവര്‍ക്കും കേസിനു പിന്നാലെ തൂ‍ങ്ങേണ്ടി വന്നെന്നാണ് സത്യം.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്