അബ്ദുള്ളക്കുട്ടി യു ഡി എഫിലേക്ക്?

Webdunia
വെള്ളി, 6 മാര്‍ച്ച് 2009 (18:24 IST)
കണ്ണൂരിലെ സി പി എം എം‌പിയായ എ പി അബ്ദുള്ളക്കുട്ടി യു ഡി എഫില്‍ ചേക്കാറാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. യു ഡി എഫ് നേതൃത്വവുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് സൂചന. മുസ്ലിം ലീഗ് നേതൃത്വവുമായും അബ്ദുള്ളക്കുട്ടി ചര്‍ച്ച നടത്തി വരികയാണ്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ പ്രയോഗിക്കാനുള്ള വജ്രായുധമായാണ് യു ഡി എഫ് അബ്ദുള്ളക്കുട്ടിയെ കാണുന്നത്. ഒരുപക്ഷേ, കോണ്‍ഗ്രസ് ടിക്കറ്റില്‍ അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതിനായുള്ള നീക്കം ശക്തമാണ്. കോണ്‍ഗ്രസില്‍ നിന്ന് സി പി എമ്മിന് പലതും പഠിക്കാനുണ്ടെന്ന് അബ്ദുള്ളക്കുട്ടി തുറന്നടിക്കുന്നതിന് ഈ സാഹചര്യത്തില്‍ പ്രസക്തിയേറുന്നു.

എന്നാല്‍ കണ്ണൂരിലെ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അബ്ദുള്ളക്കുട്ടി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നതിനോട് അത്ര താല്പര്യമില്ലെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായില്ലെങ്കില്‍ മുസ്ലിം ലീഗിന്‍റെ സ്ഥാനാര്‍ത്ഥിയായി മണ്ഡലം മാറി ഒരു പരീക്ഷണത്തിന് അബ്ദുള്ളക്കുട്ടി തയ്യാറാകാനും സാധ്യതയുണ്ട്.

സി പി എമ്മില്‍ നിന്ന് ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷനിലാണ് അബ്ദുള്ളക്കുട്ടി. പഴയ തട്ടകത്തിലേക്ക് ഇനി തിരിച്ചു പോകാനില്ലെന്നു തന്നെയാണ് അബ്ദുള്ളക്കുട്ടിയുടെ നിലപാട്. വികസനത്തിനു വേണ്ടി സംസാരിച്ചതുകൊണ്ടാണ് തന്നെ സി പി എം മാറ്റിനിര്‍ത്തിയതെന്ന രക്തസാക്ഷി ഇമേജ് കണ്ണൂരില്‍ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.

ഹര്‍ത്താല്‍ ജനവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് സി പി എമ്മിന്‍റെ കണ്ണിലെ കരടായ അബ്ദുള്ളക്കുട്ടി മതപരമായ ചടങ്ങുകളില്‍ പരസ്യമായി പങ്കെടുത്തും പാര്‍ട്ടിയെ വെല്ലുവിളിച്ചിരുന്നു. ഗുജറാത്തിലെ നരേന്ദ്രമോഡിയുടെ വികസനനയം അനുകരണീയമാണെന്നും കേരളവും അത് മാതൃകയാക്കണമെന്നുമുള്ള പ്രസ്താവനയാണ് അബ്ദുള്ളക്കുട്ടിയെ സസ്പെന്‍ഡു ചെയ്യുന്നതിന് സി പി എമ്മിനെ നിര്‍ബന്ധിതമാക്കിയത്. സസ്പെന്‍ഡ് ചെയ്തിട്ടും തന്‍റെ നിലപാടില്‍ മാറ്റം വരുത്താന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല.

കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എ കെ ആന്‍റണിയും അന്ന് വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും വികസനം കൊണ്ടുവരുന്നതിനായി നടത്തിയ ശ്രമങ്ങളെയും അടുത്തിടെ അബ്ദുള്ളക്കുട്ടി പ്രശംസിച്ചിരുന്നു. മുഖ്യമന്ത്രി വരെയാവാന്‍ യോഗ്യതയുണ്ടായിരുന്ന താന്‍ പാര്‍ട്ടിക്കുള്ളിലെ പാരവയ്‌പുകൊണ്ട് തകര്‍ന്നു പോയതാണെന്നും അദ്ദേഹം തുറന്നടിച്ചു. സോമനാഥ് ചാറ്റര്‍ജി സി പി എമ്മില്‍ തിരിച്ചെത്താത്തതിന് കാരണം പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിന്‍റെ അസൂയമൂലമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ അബ്ദുള്ളക്കുട്ടിക്ക് എന്തോ മാനസിക പ്രശ്നമുണ്ടെന്നാണ് ചില സി പി എം നേതാക്കള്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്നതുകൊണ്ടു മാത്രമാണ് അബ്ദുള്ളക്കുട്ടിയെ സി പി എമ്മില്‍ നിന്ന് പുറത്താക്കാത്തത് എന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി പുറത്തു കളഞ്ഞേക്കും. അതു മുന്നില്‍ കണ്ടാണ് യു ഡി എഫുമായി ബാന്ധവത്തിന് ഈ യുവരാഷ്ട്രീയപ്രവര്‍ത്തകന്‍ ശ്രമിക്കുന്നത്.

എന്തായാലും സി പി എമ്മിന്‍റെ അബ്ദുള്ളക്കുട്ടി യു ഡി എഫിന്‍റെ അത്ഭുതക്കുട്ടിയായി മാറുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.