അധ്യാപകന്‍ പീഡിപ്പിച്ചു; പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി; ആത്മഹത്യാ ശ്രമവുമായി അമ്മ

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (18:21 IST)
പീഡിപ്പിച്ച അധ്യാപകനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. മകള്‍ക്ക് പ്രധാന അധ്യാപകന്‍ ടി സി നല്‍കിയതറഞ്ഞ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം.

പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അധ്യാപകനായ രഞ്ജിത്ത് പീഡിപ്പിക്കുകയായിരുന്നു. വിവരം വിദ്യാര്‍ഥിനി മാതാപിതാക്കളെ അറിയിച്ചു. ഇതേ സ്‌കൂളിലെ ജോലിക്കാരായ മാതാപിതാക്കള്‍ അധ്യാപകനെതിരെ പ്രധാന അധ്യാപകന് പരാതി നല്‍കി.

നടപടി സ്വീകരിക്കാതിരുന്ന പ്രധാന അധ്യാപകന്‍ സ്‌കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് മാതാപിതാക്കളെ ജോലിയില്‍ നിന്നും പുറത്താക്കി. പിന്നാലെ പെണ്‍കുട്ടിക്കും സഹോദരനും ടിസി നല്‍കി.

സ്‌കൂളിന്റെ നടപടിയില്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം പ്രാദേശിക രാഷ്‌ട്രീയക്കാരെയും അധികൃതരെയും കണ്ടെങ്കിലും ഫലമുണ്ടായില്ല. സ്‌കൂള്‍ മാനേജ്‌മെന്റും കൈവിട്ടതോടെ  ഭിവാനിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി കുട്ടിയുടെ അമ്മ വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചതോടെ അപകടമുണ്ടായില്ല.

സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീഡനക്കുറ്റം ആരോപിക്കപ്പെട്ട അധ്യാപകനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article