സ്വന്തം അമ്മയെ ക്രൂരമായി കൊന്നു; കുത്തിയത് 60 പ്രാവശ്യം - മകള്‍ക്ക് 45 വര്‍ഷം തടവ് വിധിച്ച് കോടതി
മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരിയായ മകള്‍ക്ക് 45 വർഷത്തെ ജയിൽ ശിക്ഷ. ഷിക്കാഗോയിലെ ഇന്ത്യാന ഗാരിയിലുള്ള ചെസ്‌റ്റീനിയ റീവിസ് എന്ന പെണ്‍കുട്ടിയെ ആണ് കോടതി ശിക്ഷിച്ചത്.
2017 ഫെബ്രുവരി 13ന് നടന്ന കൊലപാതകത്തില്‍ ഈ മാസം 12നാണ് കോടതി ശിക്ഷ വിധിച്ചത്. എന്തിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന കോടതിയുടെ ചോദ്യത്തിന് കരയുക മാത്രമാണ് റീവിസ് ചെയ്‌തത്.
സ്വന്തം വീട്ടില്‍ വെച്ചാണ് കൊല നടന്നത്. മാതാവ് ജെയ്മി ഗാർനെറ്റിനെ (34) 60 ലധികം തവണയാണ് റീവിസ് കുത്തിയത്. അമ്മയെ താന്‍ ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്ന് മകള്‍ പൊലീസിനോട് പറഞ്ഞു.
കേസ് കോടതിയിൽ വിചാരണക്ക് വരുന്നതിനു മുമ്പ് അറ്റോർണിമാർ തമ്മിൽ ഉണ്ടാക്കിയ ധാരണയനുസരിച്ച് ഇവർ കുറ്റം സമ്മതിക്കുകയും ഈ കേസിൽ ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ (45 വർഷം) വിധിക്കുകയുമായിരുന്നു.
റീവിസിന് മുമ്പ് ക്രിമിനൽ പശ്ചാത്തലം ഒന്നും ഇല്ലാതിരുന്നതിനാലാണ് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയത്. ഇവരുടെ മാനസിക നില പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു.