തര്‍ക്കം വഴക്കായി പിന്നെ കത്തിക്കുത്ത്; ഒടുവില്‍, യുവാവിനെ ഇഷ്‌ടിക കൊണ്ട് ഇടിച്ചു കൊന്നു
വാക്കുതര്‍ക്കവും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനും ഒടുവില്‍ യുവാവിനെ ഇഷ്‌ടിക കൊണ്ട് ഇടിച്ചു കൊന്നു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിലാണ് സംഭവം. ഗൗരവ് (24) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലപാതകം നടത്തിയ റോക്കി, രവി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. തിങ്കളാഴ്‌ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഞായറാഴ്ച വൈകീട്ട് റോക്കി, രവി എന്നിവരുമായി ഗൗരവും സുഹൃത്ത് സതീഷും വാക്കുതർക്കത്തിലേര്‍പ്പെട്ടു.
ഇതിനിടെ റോക്കിയെയും രവിയെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സതീഷും ഗൗരവും രക്ഷപ്പെട്ടു. മുറിവുകളിൽ മരുന്നുവെച്ച ശേഷം ഇരുവരും സുഹൃത്തുക്കളുമായി ചേർന്ന് ഗൗരവിനും സതീഷിനു വേണ്ടിയും തിരച്ചിൽ നടത്തി.
പുലർച്ചെ രണ്ടോടെ ഡി - ബ്ലോക്കിൽ ഇരുവരെയും കണ്ടെത്തിയ സംഘം ഇരുവരെയും ആക്രമിച്ചു. സതീഷ് ഓടി രക്ഷപ്പെട്ടെങ്കിലും സംഘത്തിന്റെ പടിയിലായ ഗൗരവിനെ ഇഷ്ടികകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.