ഈ കളിയും കൊണ്ടാണ് വരുന്നതെങ്കിൽ പെട്ടെന്ന് തന്നെ മടങ്ങാം, ഓസീസ് ടീമിനെ വിമർശിച്ച് മൈക്കൽ ക്ലാർക്ക്

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2023 (17:44 IST)
ലോകകപ്പില്‍ രണ്ട് തോല്‍വികള്‍ തുടര്‍ച്ചയായി ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ഓസ്‌ട്രേലിയ. ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നായ ഓസീസ് ലോകകപ്പുകളില്‍ എല്ലാക്കാലവും മികച്ച പ്രകടനം നടത്തുന്ന ടീമാണ്. എന്നാല്‍ 2023 ലോകകപ്പിലെ 2 മത്സരങ്ങളിലും 200 റണ്‍സ് പോലും എത്തിപ്പിടിക്കാനാവാതെ ദയനീയമായാണ് ടീം പരാജയപ്പെട്ടിരിക്കുന്നത്. ഇതോടെ ഓസീസ് ടീമിനെതിരെയും കളിക്കാരുടെ സമീപനത്തിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
 
ഇപ്പോഴിതാ ഓസീസിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്ക്. ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് എന്ത് ഒരുക്കമാണ് ഓസീസ് ടീം നടത്തിയതെന്ന് ക്ലാര്‍ക്ക് ചോദിക്കുന്നു. ഈ പ്രകടനങ്ങളാണ് ആവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ത്യന്‍ പിച്ചിലെ ഓസീസിന്റെ സാധ്യതകള്‍ക്ക് വലിയ ആയുസ്സില്ലെന്നും ക്ലാര്‍ക്ക് വ്യക്തമാക്കുന്നു. ഇനി ശ്രീലങ്കയേയും പാകിസ്ഥാനെതിരെയുമാണ് ഓസീസിന് മത്സരങ്ങളുള്ളത്. ഏഷ്യന്‍ സാഹചര്യങ്ങള്‍ ഇരു ടീമിനും പരിചിതമാണ്. അതിനാല്‍ തന്നെ അവരുമായുള്ള പോരാട്ടം കഠിനമായിരിക്കും. ഈ കളിയാണ് ഓസീസ് കളിക്കുന്നതെങ്കില്‍ ഈ ടീമില്‍ വലിയ പ്രതീക്ഷകള്‍ ഒന്നും തന്നെ വേണ്ട.
 
ദക്ഷിണാഫ്രിക്കയോട് ഇങ്ങനെയാണ് കളിക്കുന്നതെങ്കില്‍ ഏഷ്യന്‍ ടീമുകളെ എങ്ങനെയാണ് ഓസീസ് നേരിടുക എന്നതില്‍ എനിക്ക് ആശങ്കയുണ്ട്. ഇന്ത്യന്‍ മണ്ണിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസിന്റെ തയ്യാറെടുപ്പും മോശമായിരുന്നു. സമാനമാണ് ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പും വെല്ലുവിളികളെ അതിജീവിക്കാന്‍ കുറച്ച് കാലമായി ഓസീസ് മറന്നു പോകുന്നു. ക്ലാര്‍ക്ക് തുറന്നടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article