ഇമ്രാൻ ഖാനും അക്രമും അഫ്രീദിയും വിചാരിച്ച് നടന്നിട്ടില്ല, ഇന്ത്യയെ നേരിടുന്നത് ബാബറിന് എളുപ്പമുള്ള പണിയല്ല

വെള്ളി, 13 ഒക്‌ടോബര്‍ 2023 (16:31 IST)
ഏകദിന ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നില്‍ നാളെ ഇന്ത്യ പാകിസ്ഥാനെ നേരിടും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ തന്നെ വന്‍ ജനപങ്കാളിത്തമാണ് മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്. ഇതുവരെ പരസ്പരം നേര്‍ക്കുനേര്‍ വന്ന 134 മത്സരങ്ങള്‍ 73 എണ്ണത്തില്‍ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ 56 മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചിട്ടുള്ളത്.
 
എന്നാല്‍ ലോകകപ്പിലേക്ക് വരുമ്പോള്‍ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. 1975 മുതല്‍ ആരംഭിച്ച ലോകകപ്പില്‍ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നത് 1992ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകകപ്പിലാണ്. പിന്നീട് 2019 വരെയുള്ള ലോകകപ്പുകളില്‍ മൊത്തത്തില്‍ 7 തവണ ഒരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടി. 7 തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.
 
1992ല്‍ അന്നത്തെ ലോകകപ്പ് വിജയികളായ ഇമ്രാന്‍ ഖാന്റെ പാക് പടയെ ഗ്രൂപ്പ് മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 216 റണ്‍സാണ് നേടിയതെങ്കിലും പാകിസ്ഥാന്‍ ഇന്നിങ്ങ്‌സ് 173 റണ്‍സിന് അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 1996 വസീം അക്രമിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ പാകിസ്ഥാനെതിരെയാണ് ഇന്ത്യ അടുത്ത തവണ നേരിട്ടത്. പരിക്കിനെ തുടര്‍ന്ന് അക്രം കളിക്കാതിരുന്ന മത്സരത്തില്‍ പാകിസ്ഥാനെ നയിച്ചത് അമീര്‍ സൊഹൈലായിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 287 റണ്‍സടിച്ചപ്പോള്‍ പാകിസ്ഥന്‍ 248-9 എന്ന നിലയില്‍ ഒതുങ്ങി.
 
1999ലെ ലോകകപ്പില്‍ ഫൈനല്‍ വരെയെത്താന്‍ പാകിസ്ഥാനായെങ്കിലും പതിവ് പോലെ ഇന്ത്യയോട് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ തോല്‍വി ഏറ്റുവാങ്ങി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 227 റണ്‍സ് നേടിയപ്പോള്‍ 180 റണ്‍സിന് പാക് ഇന്നിങ്ങ്‌സ് അവസാനിച്ചു. 2003ല്‍ ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 273 റണ്‍സ് നേടിയപ്പോള്‍ സച്ചിന്റെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ 45.4 ഓവറില്‍ ലക്ഷ്യം കണ്ടു. 2011 ലോകകപ്പ് സെമിയിലായിരുന്നു പിന്നീട് ഇന്ത്യ പാക് പോരാട്ടം നടന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 260 റണ്‍സെടുത്തപ്പോള്‍ പാക് മറുപടി 231 റണ്‍സില്‍ അവസാനിച്ചു.
 
2015ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 300 റണ്‍സ് നേടിയപ്പോള്‍ പാക് ഇന്നിങ്ങ്‌സ് 224 റണ്‍സില്‍ അവസാനിച്ചു. 2019ലെ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സടിച്ചപ്പോള്‍ 89 റണ്‍സിന്റെ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍