രണ്ട് കളികള്‍ കഴിയുമ്പോള്‍ ഈ നാണക്കേട് ഓസ്‌ട്രേലിയയ്ക്ക് മാത്രം !

വെള്ളി, 13 ഒക്‌ടോബര്‍ 2023 (10:28 IST)
ഏകദിന ലോകകപ്പില്‍ എല്ലാ ടീമുകളും രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഓസ്‌ട്രേലിയ. രണ്ട് മത്സരങ്ങളിലും തോല്‍വി രുചിച്ച ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇപ്പോള്‍. മാത്രമല്ല മറ്റെല്ലാ ടീമുകളും രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു കളിയിലെങ്കിലും ടീം ടോട്ടല്‍ 200 കടത്തിയിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയ മാത്രമാണ് ഇതുവരെ 200 കാണാത്തത് ! അഞ്ച് തവണ ലോക ചാംപ്യന്‍മാരായ, പേരുകേട്ട ബാറ്റിങ് നിരയുള്ള ഓസ്‌ട്രേലിയയുടെ അവസ്ഥ പരമ ദയനീയമാണ്. 
 
ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ 199 ന് ഓസീസ് ഓള്‍ഔട്ടായി. ഇന്ത്യ ആറ് വിക്കറ്റ് ശേഷിക്കെ ഇത് മറികടന്നു. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ 311 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഓസീസ് 177 ന് ഓള്‍ഔട്ടായി. നെതര്‍ലന്‍ഡ്‌സും ഓസ്‌ട്രേലിയയും മാത്രമാണ് കളിച്ച രണ്ട് കളികളിലും ഓള്‍ഔട്ടായ ടീം. മാത്രമല്ല രണ്ട് ഇന്നിങ്‌സുകളിലും ഓസ്‌ട്രേലിയയുടെ ഒരാള്‍ പോലും അര്‍ധ സെഞ്ചുറി നേടിയിട്ടില്ല. 


പോയിന്റ് പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഓസീസിനു താഴെയുള്ളത്. ഒരു കളി പോലും ജയിക്കാത്ത ശ്രീലങ്കയും നെതര്‍ലന്‍ഡ്സും പോലും ഓസീസിനേക്കാള്‍ മുന്‍പിലാണ്. നെറ്റ് റണ്‍റേറ്റാണ് ഓസ്ട്രേലിയയ്ക്ക് എട്ടിന്റെ പണി കൊടുത്തത്. -1.846 ആണ് ഓസീസിന്റെ നെറ്റ് റണ്‍റേറ്റ്. ശ്രീലങ്കയ്ക്കും നെതര്‍ലന്‍ഡ്സിനും ഓസീസിനേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഉണ്ട്. ഏഴ് കളികളാണ് ഓസീസിന് ഇനി ശേഷിക്കുന്നത്. ഏഴും ജയിക്കണം എന്ന ലക്ഷ്യത്തോടെ കളിച്ചാല്‍ മാത്രമേ കങ്കാരുക്കള്‍ക്ക് ആദ്യ നാലില്‍ എത്താന്‍ സാധിക്കൂ. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരെയുള്ള കളികള്‍ ഓസ്ട്രേലിയയ്ക്ക് ജീവന്‍ മരണ പോരാട്ടങ്ങള്‍ ആയിരിക്കും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍