ODI World Cup Point Table: ഏകദിന ലോകകപ്പില്‍ അഞ്ച് തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഇത്തവണ സെമി കാണുമോ എന്ന കാര്യം തുലാസില്‍. ആദ്യ രണ്ട് മത്സരങ്ങളിലെ ദയനീയ തോല്‍വി ഓസീസിന് തിരിച്ചടിയായി. ഉയര്‍ന്ന മാര്‍ജിനിലാണ് രണ്ട് കളികളിലും ഓസീസ് തോറ്റത്. അതുകൊണ്ട് തന്നെ നെറ്റ് റണ്‍റേറ്റില്‍ ബഹുദൂരം പിന്നിലാണ് ഇപ്പോള്‍.
എല്ലാ ടീമുകളും രണ്ട് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ പോയിന്റൊന്നും സ്വന്തമാക്കാതെ ഓസീസ് ഒന്‍പതാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഓസീസിനു താഴെയുള്ളത്. ഒരു കളി പോലും ജയിക്കാത്ത ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും പോലും ഓസീസിനേക്കാള്‍ മുന്‍പിലാണ്. നെറ്റ് റണ്‍റേറ്റാണ് ഓസ്‌ട്രേലിയയ്ക്ക് എട്ടിന്റെ പണി കൊടുത്തത്.
-1.846 ആണ് ഓസീസിന്റെ നെറ്റ് റണ്‍റേറ്റ്. ശ്രീലങ്കയ്ക്കും നെതര്‍ലന്‍ഡ്‌സിനും ഓസീസിനേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഉണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ആറ് വിക്കറ്റിനാണ് തോറ്റതെങ്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 134 റണ്‍സിന്റെ തോല്‍വിയാണ് ഓസീസ് വഴങ്ങിയത്. ഏഴ് കളികളാണ് ഓസീസിന് ഇനി ശേഷിക്കുന്നത്. ഏഴും ജയിക്കണം എന്ന ലക്ഷ്യത്തോടെ കളിച്ചാല്‍ മാത്രമേ കങ്കാരുക്കള്‍ക്ക് ആദ്യ നാലില്‍ എത്താന്‍ സാധിക്കൂ. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരെയുള്ള കളികള്‍ ഓസ്‌ട്രേലിയയ്ക്ക് ജീവന്‍ മരണ പോരാട്ടങ്ങള്‍ ആയിരിക്കും.
രണ്ട് കളികളില്‍ രണ്ടിലും ജയിച്ച ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവരാണ് പോയിന്റ് ടേബിളില്‍ ഇപ്പോള്‍ യഥാക്രമം ഒന്ന് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍. അതില്‍ തന്നെ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് നെറ്റ് റണ്‍റേറ്റ് +2.360 ആണ്. മറ്റെല്ലാവര്‍ക്കും രണ്ടില്‍ താഴെയാണ് നെറ്റ് റണ്‍റേറ്റ്.