Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

അഭിറാം മനോഹർ

വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (15:35 IST)
Bumrah
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 376ന് മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് വെറും 149 റണ്‍സിനാണ് പുറത്തായത്. ഇതോടെ ആദ്യ ഇന്നിങ്ങ്‌സില്‍ 227 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടാന്‍ ഇന്ത്യയ്ക്കായി.
 
 ചെന്നൈ ചെപ്പോക്കിലെ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തിലാണ് ബംഗ്ലാ കടുവകള്‍ തകര്‍ന്നടിഞ്ഞത്. 64 പന്തില്‍ അഞ്ച് ഫോറടക്കം 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍. ലിറ്റണ്‍ ദാസ് 22 റണ്‍സും നജ്മല്‍ ഹുസൈന്‍ സാന്റോ 20 റണ്‍സുമെടുത്തു. വാലറ്റത്ത് മെഹ്ദി ഹസന്‍ ചെറുത്ത് നിന്നതാണ് ബംഗ്ലാദേശ് ഇന്നിങ്ങ്‌സ് നീട്ടിയത്.
 
 ഇന്ത്യയ്ക്കായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര 10 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകളെടുത്തു. ആകാശ് ദീപ് അഞ്ചോവറില്‍ 19 റണ്‍സ് വഴങ്ങി 2 വിക്കറ്റും മുഹമ്മദ് സിറാജ് 10.1 ഓവറില്‍ 30 റണ്‍സ് വഴങ്ങി 2 വിക്കറ്റുമെടുത്തു. ശേഷിക്കുന്ന 2 വിക്കറ്റുകള്‍ രവീന്ദ്ര ജഡേജയ്ക്കാണ്.
 
 നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആര്‍ അശ്വിന്‍ നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് 376 റണ്‍സിലെത്തിയത്. അശ്വിന് പുറമെ രവീന്ദ്ര ജഡേജ,യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. രണ്ടാം ദിനത്തില്‍ 6ന് 339 എന്ന നിലയില്‍ ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സുകള്‍ മാത്രമെ കൂട്ടിചേര്‍ക്കാനായുള്ളു. 5 വിക്കറ്റുമായി ഹസന്‍ മഹ്മൂദാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍