ബംഗ്ലാദേശിനോട് വീണ്ടും ഏറ്റുമുട്ടുമ്പോൾ ദ്രാവിഡിന് വീട്ടാൻ കണക്കുകൾ ഏറെ, അവസരം കാത്ത് രോഹിത്തും

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (13:04 IST)
ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മയ്ക്കും ഇത് പ്രതികാരത്തിനുള്ള അവസരം. 2007ലെ ലോകകപ്പില്‍ കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ നെഞ്ച് തകര്‍ത്തുകൊണ്ട് ബംഗ്ലാദേശ് നേടിയ വിജയമാണ് ഇന്ത്യയെ ഗ്രൂപ്പ് സ്‌റ്റേജില്‍ നിന്ന് തന്നെ പുറത്താക്കിയത്. അന്ന് ടീമി്‌ന്റെ നായകന്‍ രാഹുല്‍ ദ്രാവിഡായിരുന്നു.
 
2007 ലോകകപ്പിലെ തോല്‍വിക്ക് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ പിന്നീട് ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടിട്ടില്ലെങ്കിലും അന്നൊന്നും തന്നെ ദ്രാവിഡ് ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നില്ല. ദ്രാവിഡ് കോച്ചായതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ ബംഗ്ലാദേശിനെ നേരിടുന്നത്. അതിനാല്‍ തന്നെ അന്നത്തെ ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമാണ് ദ്രാവിഡിന് മുന്നിലുള്ളത്. അന്ന് ഇന്ത്യയെ ബംഗ്ലാ കടുവകള്‍ അട്ടിമറിച്ചപ്പോള്‍ ആ വിജയത്തിന് നേതൃത്വം നല്‍കിയ ഷാക്കിബ് അല്‍ ഹസനാണ് നിലവിലെ ബംഗ്ലാദേശ് നായകന്‍. അന്നത്തെ ടീമില്‍ ഉണ്ടായിരുന്ന മുഷ്ഫിഖുര്‍ റഹീം, തമീം ഇഖ്ബാല്‍ എന്നിവരും ബംഗ്ലാദേശ് ടീമിനൊപ്പമുണ്ട്.
 
അതേസമയം കഴിഞ്ഞ ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കാനായെങ്കിലും സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അത് മാത്രമല്ല കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന പരമ്പരയിലും ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ബംഗ്ലാദേശിനെതിരെ വിജയിച്ച് ആ കണക്കുകള്‍ കൂടി അവസാനിപ്പിക്കാനാകും നായകന്‍ രോഹിത് ശര്‍മ ഇത്തവണ ലക്ഷ്യമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article