India vs Bangladesh ODI World Cup Match: ലോകകപ്പിലെ തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഒരു അനായാസ വിജയം ഇന്ത്യ ലക്ഷ്യമിടുന്നില്ല. ഏത് വമ്പന്‍മാരേയും വീഴ്ത്താന്‍ കെല്‍പ്പുള്ള ടീം തന്നെയാണ് ബംഗ്ലാദേശ്. സമീപകാലത്തെ കണക്കുകളും ഇന്ത്യയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു.
ബംഗ്ലാദേശിനെതിരെ കളിച്ച അവസാന നാല് ഏകദിനങ്ങളില്‍ മൂന്നിലും ഇന്ത്യ തോറ്റു. 2022 ഡിസംബറില്‍ ബംഗ്ലാദേശില്‍ നടന്ന ഏകദിന പരമ്പരയില്‍ 2-1 നാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. കൂടാതെ ഇന്ത്യ ചാംപ്യന്‍മാരായ ഏഷ്യാ കപ്പിലും ബംഗ്ലാദേശിനോട് തോല്‍വി സമ്മതിച്ചിരുന്നു.
അതേസമയം ഏകദിന ലോകകപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 3-1 ന് ഇന്ത്യക്കാണ് മേല്‍ക്കൈ. 2007 ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പിലാണ് ബംഗ്ലാദേശ് ഇന്ത്യയെ അട്ടിമറിച്ചത്. പരസ്പരം ഏറ്റുമുട്ടിയ 40 ഏകദിന മത്സരങ്ങളില്‍ 31 എണ്ണത്തിലും ജയം ഇന്ത്യക്കൊപ്പം, ബംഗ്ലാദേശ് ജയിച്ചത് എട്ട് മത്സരങ്ങളില്‍ മാത്രം. ഒരു കളി ഫലമില്ലാതെ ഉപേക്ഷിച്ചു.