ബംഗ്ലകളോട് തോൽവി, ശ്രീലങ്കയുടെ ചാമ്പ്യൻസ് ട്രോഫി യോഗ്യത തുലാസിൽ

ചൊവ്വ, 7 നവം‌ബര്‍ 2023 (13:23 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനോടുള്ള മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ലോകകപ്പില്‍ പുറത്താകുന്ന മൂന്നാമത്തെ ടീമായി ശ്രീലങ്ക. ആവേശം മത്സരത്തിലുടനീളം അല തല്ലിയ കളിയില്‍ ആദ്യം മാറ്റ് ചെയ്ത ശ്രീലങ്ക 279 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍, നജ്മുള്‍ ഹൊസൈന്‍ എന്നിവരുടെ പ്രകടനമികവില്‍ ബംഗ്ലാദേശ് 41.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
 
നേരത്തെ ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസിന്റെ ടൈം ഔട്ടിന്റെ പേരില്‍ ശ്രീലങ്കന്‍ താരങ്ങളും ബംഗ്ലാദേശ് താരങ്ങളും തമ്മില്‍ മൈതാനത്ത് അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. മത്സരത്തിന്റെ ഓരോ നിമിഷത്തിലും ഈ വൈരവും വാശിയും പ്രകടമായിരുന്നു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനെയും തന്‍സിദ് ഹസനെയും നഷ്ടമായെങ്കിലും നജ്മൂള്‍ ഹൊസൈന്‍ സാന്റോയും നായകന്‍ ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 169 റണ്‍സ് സ്വന്തമാക്കി ബംഗ്ലാദേശിനെ സുരക്ഷിതമാക്കി. 2 പേരെയും തുടര്‍ച്ചയായി വീഴ്ത്തി ഏയ്ഞ്ചലോ മാത്യൂസ് ബംഗ്ലാദേശിന് ഇരട്ടപ്രഹരമേല്‍പ്പിച്ചെങ്കിലും ബംഗ്ലാദേശിനെ തോല്‍പ്പിക്കാന്‍ ഇത് മതിയാകുമായിരുന്നില്ല.
 
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 105 പന്തില്‍ 108 റണ്‍സുമായി തിളങ്ങിയ ചരിത് അസലങ്കയുടെ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിയത്. സദീര സമരവിക്രമ, പതും നിസങ്ക എന്നിവര്‍ 41 റണ്‍സ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക മത്സരത്തില്‍ 3 വിക്കറ്റ് വീഴ്ത്തി. ലോകകപ്പിലെ ആറാം തോല്‍വിയോടെ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ശ്രീലങ്ക. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കാനായില്ലെങ്കില്‍ 2025 ലെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നേടുക എന്നത് ശ്രീലങ്കയ്ക്ക് ബുദ്ധിമുട്ടായി മാറും. 8 ടീമുകളായിരിക്കും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പരസ്പരം മാറ്റുരയ്ക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍