ഹിറ്റ് മാൻ വേറെ ലെവലാണ് ഭായ്, അടിയോടടി !

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (12:44 IST)
ക്രിക്കറ്റ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ - പാകിസ്ഥാൻ പോരാട്ടത്തിന് പരിസമാപ്തി ആയിരിക്കുകയാണ്. ലണ്ടനിലെ മാഞ്ചസ്റ്റർ സ്റ്റേഡിയത്തിനു ഇന്നലെ നീല നിറമായിരുന്നു. ഇന്ത്യയെ സപ്പോർട്ട് ചെയ്യാനെത്തിയ കാണികളുടെ കണക്കിലും അമ്പരപ്പിക്കുന്ന വർദ്ധനവാണുള്ളത്. 
 
ഗംഭീര പ്രകടനം കാഴ്ച വെച്ച ഇന്ത്യ 89 റൺസിന്റെ ജയമാണ് നേടിയത്. രണ്ട് തവണയാണ് മഴ കളി മുടക്കിയത്. മഴയെ തോൽപ്പിച്ച് ഇന്ത്യ ജയം സ്വന്തമാക്കി. ബാറ്റിങിൽ ഇന്ത്യ മികച്ച് നിന്നു. ഇന്ത്യയ്ക്ക് കരുത്തായത് ഹിറ്റ്മാൻ രോഹിത് ശർമയായിരുന്നു. പാകിസ്ഥാനെതിരെ 140 റൺസെടുത്താണ് രോഹിത് പിറത്തായത്. രോഹിത് ഔട്ടായപ്പോൾ സ്റ്റേഡിയം ഒന്നടങ്കം നിരാശ പ്രകടിപ്പിച്ചു. 
 
ഇന്ത്യയുടെ ജയത്തിന് പിന്നാലെ കളിയെ വിലയിരുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തെത്തി. നല്ല നിലവാരമായിരുന്നു ഇന്ത്യൻ ടീം കാഴ്ച വെച്ചതെന്ന് സച്ചിൻ പറഞ്ഞു. എല്ലാ താരങ്ങളേയും സച്ചിൻ പുകഴ്ത്തി. രോഹിതിന്റെ ബാറ്റിങിനെ പ്രത്യേകം എടുത്ത് പറയുകയും ചെയ്തു. 
 
ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് മറ്റൊരു ലെവലിലാണെന്ന് സച്ചിന്‍ പറഞ്ഞു. മൂന്ന് ഇന്നിങ്‌സുകളിൽ നിന്നായി രോഹിത് 319 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് താരം ഇപ്പോള്‍.
 
രോഹിത്തിന്റെ സ്ഥിരത അതിശയിപ്പിക്കുന്നതാണെന്ന് സച്ചിന്‍ വിലയിരുത്തി. രോഹിത്തിന് നാലാമത്തെ ഡബിള്‍ സെഞ്ച്വറിയും അകലെയല്ലായിരുന്നു. രോഹിത് ഫോമിലായി കഴിഞ്ഞാൽ പിന്നെ എങ്ങനെയൊക്കെ ബോൾ എറിഞ്ഞാലും അത് ബാറ്റിൽ കൊള്ളിക്കാതെ താരത്തിനു തന്നെ സമാധാനം ഉണ്ടാകില്ലെന്നാണ് ക്രിക്കറ്റ് പ്രേമികളും പറയുന്നത്. 
 
രോഹിത്തിന്റെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് ഇടയ്ക്ക് മഴ വില്ലനായതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത 40 ഓവറില്‍ പാകിസ്ഥാന് ആറുവിക്കറ്റിന് 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
 
പാക്കിസ്ഥാനെതിരെ രോഹിത് തന്റെ വേഗതയേറിയ അര്‍ധശതകവും സ്വന്തമാക്കി. രോഹിത് 34 പന്തിലാണ് അര്‍ധസെഞ്ച്വറി നേടിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article