‘ചോര തുപ്പിയ ധോണി’; താരത്തിന്റെ പരുക്കില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Webdunia
വെള്ളി, 5 ജൂലൈ 2019 (16:08 IST)
ഇംഗ്ലണ്ട് ലോകകപ്പില്‍ സെമിയിലേക്കുള്ള യാത്രയിലാണ് ടീം ഇന്ത്യ. ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തോടെ റൌണ്ട് റോബിന്‍ ഘട്ടം അവസാനിക്കും. പിന്നീട് സെമിയിലെ ചൂടന്‍ പോരാട്ടങ്ങളാണ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്.

ജയങ്ങളുമായി മുന്നേറുമ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ടീമിലെ ഏക താരമാണ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ബാറ്റിംഗിലെ മെല്ലപ്പോക്കും വമ്പനടികള്‍ വേണ്ടിയിരുന്ന സമയത്ത് സിംഗിളുകള്‍ മാത്രം നേടുന്നതുമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ധോണിയുടെ പെരുവിരലിന് പരുക്കേറ്റത് ആരാധകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിരുന്നു. മത്സരത്തിനിടെ വിരല്‍ വായിലാക്കിയ ശേഷം ചോര തുപ്പിക്കളയുന്ന ധോണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

താരത്തിന്റെ പരുക്കിനെക്കുറിച്ച് സംസാരിക്കാതിരുന്ന ടീം മാനേജ്‌മെന്റ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ലഭിക്കുന്ന വിവര പ്രകാരം ധോണിയുടെ പരുക്ക് ഗുരുതരമല്ല. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹത്തിന് തുടര്‍ന്നുള്ള മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്നും ടീം വൃത്തങ്ങള്‍ അറിയിച്ചു.

പരുക്ക് അവഗണിച്ചാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണി ബാറ്റിംഗ് തുടര്‍ന്നത്. പരുക്ക് പൂര്‍ണ്ണമായും ഭേദമാകാതിരുന്നിട്ടും ബംഗ്ലാദേശിനെതിരായ മത്സരത്തിലും അദ്ദേഹം കളിച്ചു. ലങ്കയ്‌ക്കെതിരായ മത്സരത്തിലും ധോണി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article