പടിക്കൽ കൊണ്ട് പോയി കലമുടയ്ക്കുമോ? കോഹ്ലിക്ക് വിലക്ക് ?

വെള്ളി, 5 ജൂലൈ 2019 (15:04 IST)
ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഫൈനലിലെത്തി കപ്പ് ഇന്ത്യയ്ക്ക് നേടിത്തരാൻ പ്രാപ്തരായവർ തന്നെയാണ് ടീമിലുള്ളത്. എന്നാൽ, പടിക്കല്‍ കൊണ്ടുപോയി കലമുടയ്ക്കുമോ എന്ന ആകാംഷയിലാണ് ഇന്ത്യൻ ആരാധകർ. അതിനു കാരണ, നായകൻ വിരാട് കോഹ്ലിയും. 
 
ഫീല്‍ഡ് അംപയറുടെ തീരുമാനങ്ങളെ എതിര്‍ക്കുകയും വിക്കറ്റിനായി അമിതമായി അപ്പീല്‍ ചെയ്തതുമാണ് വിരാട് കോലിക്ക് തിരിച്ചടിയാകുന്നത്. ഈ ലോകകപ്പ് ടൂർണമെന്റിൽ ഇതുവരെ രണ്ട് തവണയാണ് കോഹ്ലിക്ക് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നത്. അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തിലും ബംഗ്ലദേശിനെതിരായ മല്‍സരത്തിലുമാണ് വിരാട് കോലി ഫീല്‍ഡ് അംപയറുമായി വാക്കുതര്‍ക്കമുണ്ടായത്.  
 
അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തില്‍ അമിതമായി അപ്പീല്‍ ചെയ്ത വിരാട് കോലിക്ക് മല്‍സരത്തിന്റെ 25 ശതമാനം പിഴയൊടുക്കേണ്ടിവന്നു. ഒപ്പം മോശംപെരുമാറ്റത്തിന് ഒരു പോയിന്റും വീണു. ബംഗ്ലദേശിനെതിരായ മല്‍സരത്തില്‍ ഫീല്‍ഡ് അംപയറുമായി വാക്കുതര്‍ക്കവും അമിത അപ്പീലും നടത്തിയതില്‍ ഇതുവരെ നടപടിയൊന്നും വന്നിട്ടില്ല. 
 
ഫീല്‍ഡ് അംപയറായിരുന്ന മരായിസുമായി കോലി കുറെസമയം വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. മുഹമ്മദ് ഷാമിയുടെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. 2018 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലും വിരാട് കോലിക്ക് മോശം പെരുമാറ്റത്തിന് പോയിന്റ് വീണിരുന്നു. ഇപ്പോള്‍ രണ്ടുപോയിന്റുകളാണ് കോലിയുടെ പേരിലുള്ളത്.  
 
രണ്ടുവര്‍ഷത്തിനുള്ളില്‍ നാലോ അതിലധികമോ പോയിന്റ് ഒരു കളിക്കാരന് ലഭിച്ചാല്‍ അത് സസ്പെന്‍ഷന്‍ പോയിന്റായി മാറും. സസ്പെന്‍ഷന്‍ പോയിന്റിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് എത്രമല്‍സരത്തിലാണെന്ന് നിശ്ചയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍