വിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ നായകൻ വിരാട് കോലിയുടെ മാസ്മരികമായ പ്രകടനമികവിൽ ഇന്ത്യ ജയിച്ചെങ്കിൽ പോലും വളരെ മോശമായ ഫീൽഡിങ് നിലവാരമാണ് മത്സരത്തിലുടനീളം ഇന്ത്യ പുറത്തെടുത്തത്. സമീപകാലത്തൊന്നും ഇന്ത്യൻ ടീമിനെ ഇത്രയും മോശം ഫീൽഡിങ് പ്രകടനത്തിൽ ആരാധകരും കണ്ടിരിക്കില്ല. ഇപ്പോൾ ഇതാ ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരവും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളുമായ യുവ്‌രാജ് സിങ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ കൂറ്റൻ സ്കോറിൽ എത്തിക്കാൻ സഹായിച്ചത് ഇന്ത്യയുടെ മോശം ഫീൽഡിങ്ങായിരുന്നു. കൂറ്റനടിക്കാരായ ഹെറ്റ്മേയർ, പൊള്ളാർഡ് എന്നിവരുടെ ക്യാചുകൾ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ വിരാട് കോലിയുടെ കയ്യിൽ നിന്നുപോലും പന്ത് ബൗണ്ടറിയിലെത്തിയിരുന്നു. മറ്റൊരു ഫീൽഡർ രോഹിത് ശർമ്മയുടെ കൈകളും മത്സരത്തിൽ ചോർന്നു.
ഒരു ഭാഗത്ത് ഇന്ത്യൻ ഫീൽഡർമാർ നിർലോഭം സഹായിച്ചതോടെയാണ് വിൻഡീസ് 20 ഓവറിൽ 207/5 എന്ന കൂറ്റൻ സ്കോറിൽ എത്തിയത്. ഹെറ്റ്മേയർ 41 പന്തിൽ നിന്നും 56 റൺസും പൊള്ളാർഡ് 19 പന്തിൽ 37 റൺസുമെടുത്തു. എന്നാൽ മറുപടി ബാറ്റിങിൽ ഇന്ത്യ കെ എൽ രാഹുലിന്റെയും കോലിയുടെയും മികച്ച പ്രകടനത്തിന്റെ മികവിൽ വിജയിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കോലി 50 പന്തിൽ പുറത്താകാതെ 94 റൺസും രാഹുൽ 40 പന്തിൽ 62 റൺസും സ്വന്തമാക്കി.