2023ലെ മികച്ച ടി20 താരത്തിനും എമര്‍ജിങ് താരത്തിനുമുള്ള പുരസ്‌കാരത്തിനുള്ള ചുരക്കപ്പട്ടിക പുറത്തുവിട്ട് ഐസിസി. കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 പുരുഷ താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇന്ത്യയില്‍ നിന്നും സൂര്യകുമാര്‍ യാദവ് ഇടം പിടിച്ചു. എമര്‍ജിങ് താരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ താരമായ യശ്വസി ജയ്‌സ്വാളും ഇടം നേടി.
2022ലെ ഐസിസിയുടെ ടി20യിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സൂര്യകുമാര്‍ യാദവിനായിരുന്നു. 2023ലെ പുരസ്‌കാരവും താരം സ്വന്തമാക്കാനാണ് സാധ്യതയേറെയും. 2022 നവംബറില്‍ ടി20 റാങ്കിംഗില്‍ ഒന്നാമതെത്തിയ താരം ആ സ്ഥാനം മറ്റാര്‍ക്കും തന്നെ വിട്ടുകൊടുത്തിട്ടില്ല. 2023ല്‍ 17 ഇന്നിങ്ങ്‌സികളില്‍ നിന്ന് 48.86 ശരാശരിയില്‍ 2 സെഞ്ചുറിയും 5 അര്‍ധസെഞ്ചുറികളും ഉള്‍പ്പടെ 733 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ,ന്യൂസിലന്‍ഡിന്റെ മാര്‍ക്ക് ചാപ്മാന്‍, ഉഗാണ്ടയുടെ അല്‌പേഷ് റാംജാനി എന്നിവരാണ് സൂര്യകുമാറിനോട് മത്സരിക്കുന്നത്.
2 ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ചുറിയുള്‍പ്പടെ 266 റണ്‍സും ടി20യില്‍ 15 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ചുറി ഉള്‍പ്പടെ 430 റണ്‍സാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ യുവതാരമായ യശ്വസി ജയ്‌സ്വാള്‍ നേടിയത്. ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി മികച്ച പ്രകടനം നടത്തിയ ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കൂറ്റ്‌സെ,ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്ക എന്നിവരാണ് എമര്‍ജിങ് താരത്തിനുള്ള പുരസ്‌കാരത്തിനായി ജയ്‌സ്വാളിനൊപ്പം മത്സരിക്കുന്നത്.