പരിക്ക്: ഫെബ്രുവരി വരെ സൂര്യയ്ക്ക് കളിക്കാനാകില്ല, ടി20 ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ശനി, 23 ഡിസം‌ബര്‍ 2023 (12:11 IST)
കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടി 20 നായകനായ സൂര്യകുമാര്‍ യാദവിന് ഫെബ്രുവരി വരെ കളിക്കാനാകില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന് 7 ആഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്. 2024ലെ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് താരത്തിന്റെ പരിക്ക് വലിയ തിരിച്ചടിയാകും.
 
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ അഫ്ഗാനിസ്ഥാനെതിരെ 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പര സൂര്യയ്ക്ക് നഷ്ടമാകും. ടി20 ലോകകപ്പിന് മുന്‍പായി ഇന്ത്യ കളിക്കുന്ന അവസാന ടി20 സീരീസെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ് അഫ്ഗാനെതിരായ പരമ്പര. ഈ പരമ്പരയ്ക്ക് ശേഷം ഐപിഎല്ലിലാകും ഇന്ത്യന്‍ താരങ്ങള്‍ ടി20 ഫോര്‍മാറ്റില്‍ കളിക്കുക. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളും അതിനാല്‍ തന്നെ ലോകകപ്പ് ടീമില്‍ അവസരം നേടാന്‍ താരങ്ങളെ സഹായിച്ചേക്കും.
 
എന്നാല്‍ ലോകകപ്പിന് മുന്നോടിയായി അവസാനമായി ഇന്ത്യ കളിക്കുന്ന ടി20 സീരീസ് സൂര്യയ്ക്ക് നഷ്ടമാകുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അഫ്ഗാന്‍ പരമ്പരയിലെ താരങ്ങളുടെ പ്രകടനവും ടി20 ലോകകപ്പ് ടീം സെലക്ഷനില്‍ നിര്‍ണായകമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍