സെഞ്ചുറി നേടിയെന്നത് ശരി, പക്ഷേ ടി20 ടീമിൽ സഞ്ജു റഡാറിൽ ഇല്ലെങ്കിൽ ഇനി ടീമിൽ അവസരം അടുത്ത ജൂലൈയിൽ മാത്രം

വെള്ളി, 22 ഡിസം‌ബര്‍ 2023 (20:47 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച സെഞ്ചുറി പ്രകടനത്തോടെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് മലയാളി താരമായ സഞ്ജു സാംസണ്‍. നിലവില്‍ ഇന്ത്യയുടെ ടി20 പ്ലാനില്‍ ഇല്ലാത്ത സഞ്ജു സാംസണെ ഏകദിന ടീമില്‍ മാത്രമാണ് ബിസിസിഐ ഉള്‍പ്പെടുത്തിയത്. സെഞ്ചുറി പ്രകടനത്തോടെ ഈ തീരുമാനം സഞ്ജു ശരിവെയ്ക്കുകയും ചെയ്തു. സെഞ്ചുറി പ്രകടനത്തോടെ സഞ്ജു തിളങ്ങിയെങ്കിലും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം റഡാറില്‍ സഞ്ജു സാംസണ്‍ ഇല്ലെങ്കില്‍ 2024 ജൂലൈയില്‍ മാത്രമാകും സഞ്ജുവിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇനി അവസരമൊരുങ്ങുക.
 
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ 2 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇനി കളിക്കുക. ഇതിന് പിന്നാലെ ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലാകും ഇന്ത്യ കളിക്കുക. തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരങ്ങളും ഐപിഎല്‍ മത്സരങ്ങളുമാകും ഇന്ത്യ കളിക്കുക. ഐപിഎല്ലിന് തൊട്ടുപിന്നാലെ തന്നെ ടി20 ലോകകപ്പ് മത്സരങ്ങളും ആരംഭിക്കും. അതായത് ഇന്ത്യയുടെ ടി20 പദ്ധതികളില്‍ ഭാഗമല്ലെങ്കില്‍ ഇത്രയും കാലയളവില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ല.
 
ടി20 ലോകകപ്പിന് കഴിഞ്ഞതിന് ശേഷം ശ്രീലങ്കക്കെതിരായ 3 ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയിലാകും സഞ്ജുവിന് വീണ്ടും അവസരം ഒരുങ്ങുക. എന്നാല്‍ ഈ പരമ്പര കഴിഞ്ഞാല്‍ പിന്നീട് ഇന്ത്യ കളിക്കുന്നതെല്ലാം ടി20യും ടെസ്റ്റ് മത്സരങ്ങളുമാണ്. അതിനാല്‍ തന്നെ വരാനിരിക്കുന്ന ഐപിഎല്ലിലെ പ്രകടനങ്ങള്‍ സഞ്ജുവിന് നിര്‍ണായകമാകും. ടി20 ലോകകപ്പില്‍ യുവതാരങ്ങള്‍ തിളങ്ങുകയാണെങ്കില്‍ ഇന്ത്യയുടെ ടി20 ടീമിലേയ്ക്കുള്ള സഞ്ജുവിന്റെ സാധ്യതകളും നിറം മങ്ങും. അങ്ങനെയെങ്കില്‍ ജൂലൈ മാസത്തില്‍ ശ്രീലങ്കക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷം 2025ലാകും ഏകദിന മത്സരങ്ങളില്‍ സഞ്ജുവിനെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാന്‍ കഴിയുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍