ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരില്‍ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. പലപ്പോഴും സഞ്ജുവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള സുനില്‍ ഗവാസ്‌കര്‍, എസ് ശ്രീശാന്ത് മുതലായ പല മുന്‍താരങ്ങളും താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ 114 പന്തില്‍ നിന്നും 108 റണ്‍സാണ് സഞ്ജു നേടിയത്. ആറ് ഫോറും 3 സിക്‌സും ഉള്‍പ്പടെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിനാവില്ല. സഞ്ജു സ്ഥിരതയില്ലാത്ത താരമാണ് തുടങ്ങിയ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. സഞ്ജുവിന്റെ സ്ഥിരം വിമര്‍ശകനായ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ പോലും സെഞ്ചുറി പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.
ഈ സെഞ്ചുറി പ്രകടനം സഞ്ജുവിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുമെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. സെഞ്ചുറിയോടെ കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിനെ തേടിയെത്തും അതിനുമെല്ലാം ഉപരിയായി സ്വന്തം കഴിവില്‍ സഞ്ജുവിനുള്ള വിശ്വാസം ഉയരാന്‍ ഈ പ്രകടനം സഹായകമാകും. ഗവാസ്‌കര്‍ പറഞ്ഞു. പൊതുവെ സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ എല്ലായ്‌പ്പൊഴും വിമര്‍ശിക്കുന്ന ഗവാസ്‌കര്‍ ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ പ്രശംസിച്ചു. തുടക്കം മുതലെ ആക്രമിച്ചുകളിക്കുക എന്ന ശൈലി തന്നെ സഞ്ജു മാറ്റിവെച്ചു. ആദ്യ പന്തുകള്‍ നിലയുറപ്പിക്കുന്നതിന് വേണ്ടി ഉപയോഗിച്ചു. നിലയുറപ്പിച്ച് കഴിഞ്ഞാല്‍ സ്വാഭാവികമായ ശൈലിയില്‍ ആക്രമിച്ച് കളിക്കാന്‍ സഞ്ജുവിന് കഴിയും ഗവാസ്‌കര്‍ വ്യക്തമാക്കി. നേരത്തെയും ഇതേ കാര്യം ഗവാസ്‌കര്‍ പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും അശ്രദ്ധമായി വിക്കറ്റ് കളയുന്നത് സഞ്ജു പതിവാക്കിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നതായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറി പ്രകടനം.