Sanju Samson: ട്വന്റി 20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍. രോഹിത് ശര്‍മയുടെ പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കണമെന്നും തല്‍ക്കാലത്തേക്ക് മറ്റൊരു ഓപ്പണറെ തേടേണ്ട ആവശ്യമില്ലെന്നും നായകന്‍ സൂര്യകുമാര്‍ യാദവ് ടീം മാനേജ്‌മെന്റിനോടു അഭ്യര്‍ത്ഥിച്ചു. മധ്യനിരയില്‍ ഇറങ്ങുന്നതിനേക്കാള്‍ ഇംപാക്ട് ഉണ്ടാക്കാന്‍ ഓപ്പണറായി എത്തുമ്പോള്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. മറ്റു യുവതാരങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലും പുറത്തും പരിചയസമ്പത്തുള്ള താരം കൂടിയാണ് സഞ്ജു. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും സഞ്ജു നേടിയ സെഞ്ചുറികള്‍ ഓപ്പണര്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ്.
ട്വന്റി 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സഞ്ജു സ്വന്തമാക്കിയിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒന്നിലേറെ ട്വന്റി 20 സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരവുമാണ് സഞ്ജു. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് സമാന നേട്ടം കൈവരിച്ച മുന്‍ ഇന്ത്യന്‍ താരങ്ങള്‍. സഞ്ജുവിനെ സ്ഥിരം ഓപ്പണറാക്കണമെന്ന നിലപാടില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഉറച്ചുനില്‍ക്കുമെന്നതിനാല്‍ നിലവില്‍ മലയാളി താരത്തിനു മറ്റു വെല്ലുവിളികള്‍ ഒന്നുമില്ല.
സഞ്ജു ട്വന്റി 20 ടീമില്‍ സ്ഥാനം സ്ഥിരപ്പെടുത്തുന്നതോടെ ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ പുറത്തിരിക്കേണ്ടി വരും. ഇരുവരും ട്വന്റി 20 യിലേക്ക് തിരിച്ചുവരാന്‍ സാധ്യത കുറവാണ്. അതേസമയം സഞ്ജുവിനൊപ്പം യശസ്വി ജയ്‌സ്വാളോ അഭിഷേക് ശര്‍മയോ സ്ഥിരം ഓപ്പണറായി സ്ഥാനം ഉറപ്പിക്കും. പരിശീലകന്‍ ഗൗതം ഗംഭീറും സഞ്ജുവിനെ പിന്തുണയ്ക്കുന്നു. ട്വന്റി 20 യില്‍ സഞ്ജു ഓപ്പണറായി തുടരണമെന്നാണ് ഗംഭീറിന്റേയും അഭിപ്രായം.