ഹാര്‍ദിക് പാണ്ഡ്യ നായകനായി എത്തിയതോടെ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയില്‍ പൊട്ടിത്തെറി. സൂര്യകുമാര്‍ യാദവിനെയും ജസ്പ്രീത് ബുംറയെയും ഒഴിവാക്കി ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കിയത് ആരാധകരെ അടക്കം ചൊടിപ്പിച്ചിരിക്കുകയാണ്. ഒരിക്കല്‍ മുംബൈ ഇന്ത്യന്‍സിനെ തള്ളിപ്പറഞ്ഞ ഹാര്‍ദിക്കിനെ എന്തിനാണ് തിരിച്ചുവിളിച്ച് നായകസ്ഥാനം നല്‍കിയതെന്ന് ആരാധകര്‍ ചോദിക്കുന്നു. ഫ്രാഞ്ചൈസിയുടെ തീരുമാനം ടീമിനുള്ളില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും മുംബൈ ആരാധകര്‍ തുറന്നടിച്ചു.
ഹാര്‍ദിക് നായകനായി എത്തുന്നതില്‍ സൂര്യക്കും ബുംറയ്ക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മ നായകസ്ഥാനം ഒഴിയുമ്പോള്‍ നായകസ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ബുംറയ്ക്കും സൂര്യക്കുമാണ്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക്കിനെ മുംബൈ ഫ്രാഞ്ചൈസി തിരിച്ചെത്തിച്ചത് നായകസ്ഥാനം വാഗ്ദാനം ചെയ്താണ്.
കൂടുതല്‍ പ്രതിഫലം കിട്ടാനുള്ള സാധ്യത ഉണ്ടായിട്ടും മുംബൈ ഇന്ത്യന്‍സില്‍ ഉറച്ചുനിന്ന താരങ്ങളാണ് ബുംറയും സൂര്യയും. മുംബൈ വിടാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഉറപ്പായും മെഗാ താരലേലത്തില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന താരങ്ങളാണ് ഇരുവരും. മുംബൈ ഫ്രാഞ്ചൈസിയോടുള്ള വിശ്വസ്തതയുടെ പേരിലാണ് രണ്ട് പേരും അവിടെ ഉറച്ചുനിന്നത്. എന്നാല്‍ പ്രതിഫലം മാത്രം കണക്കിലെടുത്ത് ഫ്രാഞ്ചൈസി വിട്ട ഹാര്‍ദിക്കിനെ തിരിച്ചെത്തിച്ചതോടെ ഇരുവര്‍ക്കും മുംബൈ ഇന്ത്യന്‍സിനോടുള്ള ബന്ധത്തില്‍ വിടവ് സംഭവിച്ചിരിക്കുകയാണ്.