വെറും 60 കളികളിൽ നാലാം ടി20 സെഞ്ചുറി, സൂര്യ ടി20യ്ക്ക് വേണ്ടി മാത്രം ജനിച്ച താരം

വെള്ളി, 15 ഡിസം‌ബര്‍ 2023 (19:50 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി ചുരുങ്ങിയ സമയത്തിനുള്ളിലാണ് ടി20 ക്രിക്കറ്റിലെ മികച്ച താരങ്ങളുടെ പട്ടികയിലേക്ക് സൂര്യകുമാര്‍ യാദവ് എന്ന ഇന്ത്യക്കാരന്‍ നടന്നുകയറിയത്. മധ്യനിരയില്‍ കളിക്കുന്ന താരമായിരുന്നിട്ട് കൂടി 60 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നാല് സെഞ്ചുറിയടക്കം 2141 റണ്‍സ് സൂര്യകുമാര്‍ ടി20 എന്ന ഫോര്‍മാറ്റില്‍ നേടികഴിഞ്ഞു. ക്രീസിലെത്തിയ ആദ്യ പന്തുമുതല്‍ അക്രമണം അഴിച്ചുവിടുക എന്ന തന്റെ ശൈലി ഇത്രയും മത്സരങ്ങളായിട്ടും സൂര്യകുമാര്‍ കൈവിട്ടിട്ടില്ല എന്നത് 170ന് മുകളിലുള്ള സൂര്യയുടെ സ്ട്രൈക്ക് റേറ്റ് തന്നെ വിളിച്ചുപറയും.
 
ടി20 ക്രിക്കറ്റ് ഉണ്ടായി ഒന്നര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ 3 താരങ്ങള്‍ മാത്രമാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നാല് സെഞ്ചുറികളെന്ന നേട്ടത്തിലെത്തിയിട്ടുള്ളത്. ഇന്ത്യയുടെ രോഹിത് ശര്‍മയും ഓസീസിന്റെ ഗ്ലെന്‍ മാക്‌സ്വെല്ലും സൂര്യകുമാര്‍ യാദവുമാണ് ലിസ്റ്റിലെ ഈ മൂന്ന് താരങ്ങള്‍. രോഹിത് 148 ടി20 മത്സരങ്ങളില്‍ നിന്നാണ് നാല് സെഞ്ചുറിമായി ലിസ്റ്റില്‍ ഒന്നാമതെങ്കില്‍ 100 മത്സരങ്ങളില്‍ നിന്നാണ് മാക്‌സ്വെല്ലിന്റെ നേട്ടം. എന്നാല്‍ 60 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ സൂര്യ ഈ നേട്ടത്തിലെത്തികഴിഞ്ഞു.
 
മധ്യനിരയില്‍ ഇറങ്ങുന്ന താരം ആദ്യ പന്ത് മുതല്‍ തന്നെ എതിരാളികള്‍ക്ക് മുകളില്‍ അക്രമണം അഴിച്ചുവിടുന്നതില്‍ കാണിക്കുന്ന മിടുക്ക് അസൂയാവഹമാണ്. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേയ്ക്കും ഷോട്ടുകള്‍ പായിക്കാനുള്ള ശേഷിയും സൂര്യയെ ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരമാക്കി മാറ്റുന്നു. ആകെ നേടിയ നാല് സെഞ്ചുറികളില്‍ ഒന്ന് ഇന്ത്യയിലും മറ്റുള്ള സെഞ്ചുറികള്‍ ഇംഗ്ലണ്ടിലും ന്യൂസിലന്‍ഡിലും സൗത്താഫ്രിക്കയിലും ആണെന്നുള്ള റെക്കോര്‍ഡ് ഏത് പിച്ചിലും തിളങ്ങാനാകുന്ന സൂര്യയുടെ ശേഷിക്ക് തെളിവ് നല്‍കുന്നു. ആകെ കളിച്ച 60 മത്സരങ്ങളില്‍ 29 തവണയും 30+ സ്‌കോറുകള്‍ നേടാന്‍ താരത്തിനായിട്ടുണ്ട്. ഇതില്‍ 21 തവണയും അര്‍ധസെഞ്ചുറിക്ക് മുകളിലാണ് താരം നേടിയിട്ടുള്ളത്. ഓരോ നാല് മത്സരങ്ങളിലും ഒരു മാന്‍ ഓഫ് ദ മാച്ച് എന്ന രീതിയിലാണ് നിലവില്‍ സൂര്യയുടെ മുന്നേറ്റം. ഏകദിന ക്രിക്കറ്റില്‍ വമ്പന്‍ പരാജയമാണെങ്കിലും ടി20 ഫോര്‍മാറ്റില്‍ സൂര്യയെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് തന്നെ അദ്ദേഹത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് നമുക്ക് തെളിവ് നല്‍കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍