3 ടെസ്റ്റ്, ജയ്സ്വാൾ അടിച്ചെടുത്തത് 500ലേറെ റൺസ്, രോഹിത്തിൻ്റെ റെക്കോർഡ് നേട്ടവും തരിപ്പണമാക്കി

അഭിറാം മനോഹർ
ഞായര്‍, 18 ഫെബ്രുവരി 2024 (14:14 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അഴിഞ്ഞാടി യശ്വസി ജയ്‌സ്വാള്‍. പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് താരം ഇരട്ടസെഞ്ചുറി പ്രകടനം നടത്തുന്നത്. ജയ്‌സ്വാളിനൊപ്പം ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനും നിറഞ്ഞാടിയതോടെ രണ്ടാം ഇന്നിങ്ങ്‌സില്‍ 430 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 556 റണ്‍സിന്റെ രണ്ടാം ഇന്നിങ്ങ്‌സ് ലീഡാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. 236 പന്തില്‍ 14 ഫോറും 12 സിക്‌സും സഹിതം 214* റണ്‍സാണ് താരം നേടിയത്. ആറാമതായി ബാറ്റിംഗിനിറങ്ങിയ സര്‍ഫറാസ് ഖാന്‍ 72 പന്തില്‍ നിന്നും 68 റണ്‍സുമായി തിളങ്ങി.
 
മൂന്നാം ടെസ്റ്റില്‍ നേടിയ ഇരട്ടസെഞ്ചുറി പ്രകടനത്തില്‍ 12 സിക്‌സുകളാണ് ജയ്‌സ്വാള്‍ പറത്തിയത്. ഇതോടെ പരമ്പരയില്‍ താരം നേടുന്ന സിക്‌സുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇതോടെ ജയ്‌സ്വാളിന്റെ പേരിലായി. 2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 19 സിക്‌സുകള്‍ അടിച്ചുകൂട്ടിയ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് പഴങ്കതയായത്. ഇനിയും 2 ടെസ്റ്റുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ സിക്‌സുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് ഉറപ്പാണ്.
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജയ്‌സ്വാളിന്റെ തുടര്‍ച്ചയായുള്ള രണ്ടാമത്തെ ഇരട്ടസെഞ്ചുറിയാണിത്. രണ്ട് ഇരട്ടസെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം പരമ്പരയില്‍ 500ലേറെ റണ്‍സ് ഇതിനകം ജയ്‌സ്വാള്‍ സ്വന്തമാക്കി കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇടം കയ്യന്‍ ഇന്ത്യന്‍ ബാറ്ററാണ് ജയ്‌സ്വാള്‍. 2007ല്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ 535 റണ്‍സടിച്ച സൗരവ് ഗാംഗുലിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റര്‍.
 
രാജ്‌കോട്ട് ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ പതിയെ ഇന്നിങ്ങ്‌സ് കെട്ടിപ്പടുത്ത ജയ്‌സ്വാള്‍ 80 പന്തിലാണ് അര്‍ധസെഞ്ചുറി കുറിച്ചത്. എന്നാല്‍ അടുത്ത അര്‍ധസെഞ്ചുറിക്കായി 42 പന്തുകളാണ് താരം എടുത്തത്. 122 പന്തില്‍ സെഞ്ചുറിയിലെത്തിയ താരം 193 പന്തിലാണ് 150 റണ്‍സടിച്ചത്. 231 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ ഇരട്ടസെഞ്ചുറി പ്രകടനം

അനുബന്ധ വാര്‍ത്തകള്‍

Next Article