സെഞ്ചുറി മാത്രമല്ല, ഒരുപിടി റെക്കോർഡ് നേട്ടങ്ങൾ കൂടി സ്വന്തം പോക്കറ്റിലാക്കി ഹിറ്റ്മാൻ

അഭിറാം മനോഹർ

വ്യാഴം, 15 ഫെബ്രുവരി 2024 (19:47 IST)
Rohit sharma
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ കൂട്ടത്തകര്‍ച്ചയിലേക്ക് വീണ ഇന്ത്യയെ കരകയറ്റുന്നതില്‍ നിര്‍ണായകമായത് നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനമായിരുന്നു. രാജ്‌കോട്ട് ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ 33ന് 3 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹിത് ജഡേജ സഖ്യമായിരുന്നു. 131 റണ്‍സുമായി രോഹിത് പുറത്താകുമ്പോള്‍ നാലാം വിക്കറ്റില്‍ 234 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ മുപ്പത്തിയാറാം വയസ്സിലാണ് രോഹിത് സെഞ്ചുറി കുറിച്ചത്. ഇതോടെ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലായി.
 
മത്സരത്തില്‍ മൂന്ന് സിക്‌സറുകളും താരം സ്വന്തമാക്കിയിരുന്നു. ഇതോടെ ടെസ്റ്റില്‍ കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ എം എസ് ധോനിയെ പിന്നിലാക്കാനും രോഹിത്തിനായി. 57 ടെസ്റ്റുകളില്‍ നിന്നും 79 സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 103 ടെസ്റ്റുകളില്‍ നിന്നും 90 സിക്‌സുകള്‍ പറത്തിയിട്ടുള്ള വിരേന്ദര്‍ സെവാഗാണ് ഇന്ത്യന്‍ താരങ്ങളില്‍ രോഹിത്തിന്റെ മുന്നിലുള്ള ഏക താരം. അതേസമയം ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 326 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത്തിന് പുറമെ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജ,62 റണ്‍സ് നേടിയ സര്‍ഫറാസ് ഖാന്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍