2013ന് ശേഷം ഐസിസി കിരീടമില്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് അഭിമാനപ്രശ്നം

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2023 (17:35 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് നിർണായകനീക്കവുമായി ടീം ഇന്ത്യ. ഐപിഎൽ പ്ലേ ഓഫിലേയ്ക്ക് യോഗ്യത നേടാത്ത ടീമുകളിലെ ടെസ്റ്റ് താരങ്ങളോട് നേരത്തെ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഓസീസിനെതിരായ ഫൈനലിന് മുൻപ് പരമാവധി പരിശീലനം ലഭിക്കുന്നതിന് വേണ്ടിയാണിത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
മെയ് 28നാണ് ഐപിഎൽ 2023 സീസൺ അവസാനിക്കുക. തുടർന്ന് ജൂൺ 7ന് ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ കലാശപോരാട്ടം. മെയ് 21ന് ഐപിഎല്ലിലെ ലീഗ് മത്സരങ്ങൾ അവസാനിക്കും. ഈ സാഹചര്യത്തിൽ പ്ലേ ഓഫിലെത്താത്ത ടീമുകളുടെ താരങ്ങൾ ഈ സമയത്ത് ഇംഗ്ലണ്ടിലെത്തി പരിശീലനം നടത്തണം. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ഈ വർഷം നടക്കുന്നതിനാൽ പ്രധാനതാരങ്ങൾക്ക് ഐപിഎല്ലിൽ പരിക്കേൽക്കാതെ കൊണ്ടുപോകുക എന്നതും ഇക്കുറി ബിസിസിഐയ്ക്ക് തലവേദനയാണ്.
 
നിലവിൽ ജസ്പ്രീത് ബുമ്ര,രവീന്ദ്ര ജഡേജ,ശ്രേയസ് അയ്യർ,റിഷഭ് പന്ത് മുതലായ താരങ്ങൾ പരിക്കിൻ്റെ പിടിയിലാണ്. തുടർച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ഓസീസ് 66.67 പോയിൻ്റ് ശരാശരിയും ഇന്ത്യ 58.80 പോയിൻ്റ് ശരാശരിയുമായാണ് ഫൈനൽ യോഗ്യത നേടിയത്. കഴിഞ്ഞ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലൻഡാണ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article