World Test Championship Final 2023: അശ്വിനെ പുറത്തിരുത്തി റിസ്‌ക് എടുക്കാന്‍ ഇന്ത്യ ! പണി പാളുമോ?

തിങ്കള്‍, 5 ജൂണ്‍ 2023 (12:20 IST)
World Test Championship Final 2023: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്ലേയിങ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ടീം ഇന്ത്യ. 'നാല് പേസര്‍മാരും ഒരു സ്പിന്നറും വേണോ അല്ലെങ്കില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും വേണോ?' ഈ ചോദ്യത്തിനാണ് ഇപ്പോഴും ഉത്തരം ലഭിക്കാത്തത്. അതേസമയം, രവിചന്ദ്രന്‍ അശ്വിനെ ഒഴിവാക്കി സ്പിന്നറായി രവീന്ദ്ര ജഡേജയെ മാത്രം കളിപ്പിക്കുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
ഒരു സ്പിന്നര്‍ - നാല് പേസര്‍മാര്‍ കോംബിനേഷനാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. അങ്ങനെ വന്നാല്‍ ജഡേജയ്ക്കും അശ്വിനും ഒന്നിച്ച് ടീമില്‍ ഇടം നേടാന്‍ സാധിക്കില്ല. ഓവര്‍സീസ് സാഹചര്യത്തില്‍ ജഡേജയേക്കാള്‍ കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ താരമാണ് അശ്വിന്‍. എന്നാല്‍ അശ്വിനെ ഒഴിവാക്കി ജഡേജയ്ക്ക് അവസരം നല്‍കാന്‍ ആലോചിക്കുന്നത് ബാറ്റിങ് മികവ് കണക്കിലെടുത്താണ്. 
 
ബാറ്റിങ് ദുഷ്‌കരമായ ഓവലില്‍ ഇടംകയ്യന്‍ ബാറ്ററായ ജഡേജ ടീമില്‍ ഉള്ളത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സമീപകാലത്ത് അശ്വിനേക്കാള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ട് ജഡേജ. മാത്രമല്ല ഇടംകയ്യന്‍ ബാറ്റര്‍ എന്ന ആനുകൂല്യവും ജഡേജയ്ക്കുണ്ട്. 
 
ഏഷ്യയ്ക്ക് പുറത്ത് 28 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റുകള്‍ ജഡേജ നേടിയിട്ടുണ്ട്. 22 ടെസ്റ്റുകളില്‍ നിന്ന് 57 വിക്കറ്റുകള്‍ മാത്രമാണ് ജഡേജ സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഏഴ് ടെസ്റ്റുകളില്‍ നിന്ന് 18 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയിരിക്കുന്നത്. 11 ടെസ്റ്റുകളില്‍ നിന്ന് 23 വിക്കറ്റുകളാണ് ജഡേജയ്ക്ക് ഇംഗ്ലണ്ടില്‍ ഉള്ളത്. ബൗളിങ് കണക്കുകള്‍ നോക്കിയാല്‍ വ്യക്തമായ മുന്‍തൂക്കം അശ്വിന് ഉണ്ട്. എന്നാല്‍ അശ്വിനെ പുറത്തിരുത്തി ജഡേജയെ കളിപ്പിക്കുന്ന കാര്യമാണ് ഇന്ത്യയുടെ ആലോചനയില്‍ ഇപ്പോള്‍ ഉള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍