ഈ വീഴ്ചകള്‍ക്ക് മാപ്പില്ല; ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങിയതെന്ന് ആരാധകര്‍

വെള്ളി, 24 ഫെബ്രുവരി 2023 (08:53 IST)
വനിത ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് അഞ്ച് റണ്‍സിന് തോറ്റാണ് ഇന്ത്യ പുറത്തായത്. ഒരു സമയത്ത് ഇന്ത്യ ജയിക്കുമെന്ന് ഉറപ്പിച്ച മത്സരമാണ് അവസാന നിമിഷം വഴുതിപ്പോയത്. ഈ തോല്‍വിയുടെ പ്രധാന കാരണങ്ങള്‍ അന്വേഷിച്ചാല്‍ അതില്‍ ആദ്യത്തെ വീഴ്ച ഇന്ത്യയുടെ ഭാഗത്തുനിന്ന് തന്നെയാണ്. സെമി ഫൈനല്‍ പോലെ ഒരു നിര്‍ണായക മത്സരത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ച. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 
 
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 172 ല്‍ എത്താന്‍ കാരണം ഇന്ത്യയുടെ മോശം ഫീല്‍ഡിങ് ആണ്. ഫീല്‍ഡിലെ വീഴ്ചകള്‍ക്ക് ഇന്ത്യക്ക് മാപ്പില്ല എന്നാണ് മത്സരശേഷം ആരാധകര്‍ പറയുന്നത്. ഒന്നിലേറെ ക്യാച്ചുകള്‍ ഇന്ത്യ വിട്ടുകളഞ്ഞു. മാത്രമല്ല ഫീല്‍ഡിങ് പിഴവുകള്‍ കാരണം ബൗണ്ടറികളും വഴങ്ങി. 
 
ഇന്ത്യയുടെ ഫീല്‍ഡിങ് മികച്ചതായിരുന്നു എങ്കില്‍ ഓസ്‌ട്രേലിയയുടെ ടോട്ടല്‍ 15-20 റണ്‍സ് കുറഞ്ഞേനെ. അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യക്ക് അനായാസം ഈ മത്സരം ജയിക്കാമായിരുന്നു. ഫീല്‍ഡിങ് പിഴവുകളാണ് ഇന്ത്യയില്‍ നിന്ന് മത്സരം നഷ്ടപ്പെടുത്തിയതെന്ന് ആരാധകര്‍ പ്രതികരിച്ചു. 
 
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബെത്ത് മൂണി 37 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സ് നേടി ടോപ് സ്‌കോററായി. മൂണി 32 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഷഫാലി വര്‍മ ഒരു ക്യാച്ച് വിട്ടു. ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെ ക്യാച്ചും ഇന്ത്യ നഷ്ടമാക്കി. ലാന്നിങ് നേടിയത് 34 പന്തില്‍ പുറത്താകാതെ 49 റണ്‍സ്. മാത്രമല്ല അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും അടിച്ചുകൂട്ടി ! ക്യാച്ചുകള്‍ വിട്ടതിനൊപ്പം ബൗണ്ടറി സേവുകള്‍ കൃത്യമായി നടത്താന്‍ സാധിക്കാതിരുന്നതും ഓസീസിന്റെ സ്‌കോര്‍ ഉയരാന്‍ കാരണമായി.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍