ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കൈവിട്ട പാകിസ്ഥാന് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആശ്വാസവിജയം. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളില്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ അവസാന ടി20 മത്സരത്തില്‍ 74 റണ്‍സിനാണ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 7 വിക്കറ്റിന് 178 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഇന്നിങ്ങ്‌സ് 104 റണ്‍സിന് അവസാനിച്ചു. 63 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ സഹിബ്‌സാദാ ഫര്‍ഹാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. പാകിസ്ഥാനായി സല്‍മാന്‍ മിര്‍സ മൂന്നും ഫഹീം അഷ്‌റഫും ഹുസൈത തലത്തും 2 വിക്കറ്റ് വീതവും നേടി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സഹിബ്‌സാദാ ഫര്‍ഹാനും (41 പന്തില്‍ 63) സയ്യിം അയൂബും (15 പന്തില്‍ 21) ചേര്‍ന്ന് നല്‍കിയത്. മൂന്നാമതിറങ്ങിയ മുഹമ്മദ് ഹാരിസ് നിരാശപ്പെടുത്തിയെങ്കിലും 17 പന്തില്‍ 33 റണ്‍സുമായി ഹസന്‍ നവാസ് പാക് നിരയില്‍ തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് രണ്ടാം പന്തില്‍ തന്നെ തന്‍സിദ് ഹസനെ(0) നഷ്ടമായി. പിന്നാലെ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസും, മുഹമ്മദ് നയീമും, മെഹ്ദി ഹസന്‍ മിറാസും അടക്കമുള്ള താരങ്ങളും മടങ്ങിയതോടെ 41-7 വിക്കറ്റ് എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകര്‍ന്നു. 34 പന്തില്‍ 35 റണ്‍സുമായി മൊഹമ്മദ് സൈഫുദ്ദീന്‍ നടത്തിയ പോരാട്ടമാണ് വലിയ തോല്‍വിയില്‍ നിന്നും ബംഗ്ലാദേശിനെ രക്ഷിച്ചത്.