ഈ മൂന്ന് പേരില്‍ ഒരാള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍; ബൗളര്‍മാര്‍ ആരും പരിഗണനയിലില്ല

തിങ്കള്‍, 17 ജനുവരി 2022 (12:43 IST)
വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം നായക സ്ഥാനത്തേക്ക് മൂന്ന് പ്രമുഖ താരങ്ങള്‍ പരിഗണനയില്‍. നിലവിലെ ട്വന്റി 20, ഏകദിന നായകന്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാമന്‍. എന്നാല്‍, താരത്തിന്റെ പ്രായം തിരിച്ചടിയാകുന്നു. ടെസ്റ്റില്‍ ദീര്‍ഘകാല ഭാവി മുന്നില്‍ കണ്ട് വേണം നായകനെ തീരുമാനിക്കാന്‍ എന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. രോഹിത്തിന് ഇപ്പോള്‍ 34 വയസ്സുണ്ട്. ഇടയ്ക്കിടെ പരുക്കിന്റെ പിടിയില്‍ ആകുന്ന താരം കൂടിയാണ് രോഹിത്. 
 
കെ.എല്‍.രാഹുലാണ് മറ്റൊരു ഓപ്ഷന്‍. രാഹുലിന്റെ പ്രായവും അനുകൂല ഘടകമാണ്. എന്നാല്‍, നായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനങ്ങളൊന്നും രാഹുല്‍ നടത്തിയിട്ടില്ല. 
 
രോഹിത് ശര്‍മയും കെ.എല്‍.രാഹുലും അല്ലെങ്കില്‍ എല്ലാ വിരലുകളും ചൂണ്ടുന്നത് റിഷഭ് പന്തിലേക്കാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് പന്ത്. ടെസ്റ്റില്‍ നിര്‍ണായക സമയത്ത് ആക്രമിച്ചു കളിക്കാനുള്ള പന്തിന്റെ ശൈലി ഏറെ ശ്രദ്ധേയമാണ്. സുനില്‍ ഗവാസ്‌കര്‍, യുവരാജ് സിങ് തുടങ്ങിയ മുന്‍ താരങ്ങളും പന്തിനെ പിന്തുണയ്ക്കുന്നു. ബിസിസിഐയ്ക്കും പന്തിനോട് താല്‍പര്യമുണ്ട്. 
 
അതേസമയം, ബൗളര്‍മാരെ ആരും നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല. ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെയാണ് പരിഗണന പട്ടികയില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ ഇതിനു തയ്യാറല്ല. ജസ്പ്രീത് ബുംറയ്ക്ക് ഇടയ്ക്കിടെ വിശ്രമം വേണ്ടിവരുന്നതും അശ്വിനെ ടെസ്റ്റ് ടീമില്‍ സ്ഥിരം സാന്നിധ്യമാക്കിയാല്‍ രവീന്ദ്ര ജഡേജ മുഴുവനായും പുറത്തിരിക്കേണ്ടി വരും എന്നതുമാണ് അതിനു കാരണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍