ഇങ്ങനെ പോയാല്‍ ശരിയാകില്ല; പന്തിന്റെ 'ചെവിക്ക് പിടിക്കാന്‍' രാഹുല്‍ ദ്രാവിഡ്

ശനി, 8 ജനുവരി 2022 (13:04 IST)
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പ്രത്യേക പരിശീലന ക്ലാസ് നല്‍കാന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളിലും മികച്ച പ്രകടനം നടത്താന്‍ പന്തിന് സാധിച്ചിരുന്നില്ല. അനാവശ്യ ഷോട്ടുകള്‍ കളിച്ച് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തുകയാണെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. ഇക്കാര്യത്തെ കുറിച്ച് പന്തിനോട് വിശദമായി സംസാരിക്കുമെന്ന് ദ്രാവിഡ് വ്യക്തമാക്കി. 
 
'റിഷഭ് പന്ത് ഒരു പ്രത്യേക രീതിയില്‍ പോസിറ്റീവായി കളിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നയാളാണെന്ന് നമുക്കറിയാം. എന്നാല്‍ അതില്‍ സംസാരിക്കേണ്ട സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ഷോട്ട് കളിക്കാന്‍ തിരഞ്ഞെടുക്കുന്ന സമയത്തിലും മറ്റുമാണ് കാര്യം. പന്തിനോട് ഒരു പോസിറ്റീവ് കളിക്കാരനാകരുതെന്നോ, അല്ലെങ്കില്‍ സ്വതസിദ്ധമായ ആക്രമണോത്സുക രീതിയില്‍ കളിക്കരുതെന്നോ ആരും ഒരിക്കലും പറയില്ല. എന്നാല്‍ അതിനായി തിരഞ്ഞെടുക്കുന്ന സമയം എപ്പോഴാണ് എന്നതാണ് പ്രശ്നം. ഷോട്ട് സെലക്ഷന്റെ കാര്യത്തില്‍ തീര്‍ച്ചയായും അദ്ദേഹത്തോട് സംസാരിക്കും. പന്ത് വളരെ പോസിറ്റീവ് മനോഭാവമുള്ള കളിക്കാരനാണ്. കളിയുടെ ഗതി മാറ്റാന്‍ അതിവേഗം സാധിക്കുന്ന താരം. ഈ മനോഭാവം പന്തില്‍ നിന്ന് മാറ്റാന്‍ ആരും ആഗ്രഹിക്കുന്നില്ല. ആക്രമിച്ച് കളിക്കാനുള്ള സമയം തീരുമാനിക്കുന്നതിലാണ് കാര്യം,' ദ്രാവിഡ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍