കളി കടുപ്പമായാൽ മുട്ടിടിക്കുന്ന നായകൻ, പന്തിനെ വിമർശിച്ച് വസീം ജാഫർ

ചൊവ്വ, 14 ജൂണ്‍ 2022 (17:03 IST)
സൗത്താഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ നായകൻ റിഷഭ് പന്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം വസീം ജാഫർ. കളി കടുപ്പമാകുന്ന ഘട്ടത്തിൽ റിഷഭ് ഭയപ്പെടുന്നതായും പന്ത് മാനസികമായി കൂടുതൽ കരുത്താർജ്ജിക്കേണ്ടത് വളരെ പ്രധാനമാണെന്നും ജാഫർ ചൂണ്ടിക്കാട്ടി.
 
കട്ടക്കിൽ നടന്ന രണ്ടാം ടി20യിലും റൺചേസിലാണ് സൗത്താഫ്രിക്ക വിജയിച്ചത്. സൗത്താഫ്രിക്കക്കെതിരെ മാത്രമല്ല ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസ് നായകനാകുമ്പോഴും പന്തിനെ പരിഭ്രാന്തനായി കണ്ടിട്ടുണ്ടെന്ന് ജാഫർ പറയുന്നു. റിഷഭ് പന്ത് നയിച്ച ഡൽഹി ക്യാപ്പിറ്റൽസ് കഴിഞ്ഞ സീസണിലെ പ്ളേ ഓഫ് മത്സരത്തിൽ നേരിയ വ്യത്യാസത്തിലാണ് തോൽവി ഏറ്റുവാങ്ങിയത്.
 
മത്സരം മുറുകും തോറും പന്ത് പരിഭ്രാന്തനാകുന്നുവെന്നാണ് വസീം ജാഫർ പറയുന്നത്. കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിക്കുന്നതോടെ പന്ത് കൂടുതൽ മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും വസീം ജാഫർ പറഞ്ഞു. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ 0-2 ന് പിന്നിലാണ് ഇന്ത്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍