പച്ച തൊടാതെ പന്ത്; ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഞായര്‍, 12 ജൂണ്‍ 2022 (22:24 IST)
റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ പച്ച തൊടാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തോറ്റു. കട്ടക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ത്തിന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ. 
 
കട്ടക്കില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 148 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി. 
 
തുടക്കത്തില്‍ പതറിയ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത് ഹെയ്ന്റിച്ച് ക്ലാസന്‍ ആണ്. 46 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം ക്ലാസന്‍ 81 റണ്‍സ് നേടി. നായകന്‍ തെംബ ബാവുമ 30 പന്തില്‍ 35 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. 
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി പൊരുതിയത് ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ദിനേശ് കാര്‍ത്തിക്കുമാണ്. ശ്രേയസ് അയ്യര്‍ 35 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സുമായി 40 റണ്‍സ് നേടി ടോപ് സ്‌കോററായി. 21 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം ഇഷാന്‍ കിഷന്‍ 34 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക് 21 പന്തില്‍ 30 റണ്‍സ് നേടി. രണ്ട് ഫോറും രണ്ട് സിക്സുമാണ് പായിച്ചത്. 
 
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അന്റിച്ച് നോര്‍ക്കിയ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, വെയ്ന്‍ പാര്‍നെല്‍, ഡ്വെയ്ന്‍ പ്രെത്തോറിയസ്, കേശവ് മഹാരാജ് ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍