'മോശം ക്യാപ്റ്റന്‍സി, പക്വത കുറവ്'; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം തോറ്റതിനു പിന്നാലെ പന്തിന് രൂക്ഷ വിമര്‍ശനം

വെള്ളി, 10 ജൂണ്‍ 2022 (15:02 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ തോറ്റതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിന് രൂക്ഷ വിമര്‍ശനം. പന്തിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങളാണ് ഇന്ത്യയെ തോല്‍പ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനം. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ അടക്കം ഗുരുതരമായ വീഴ്ചകളാണ് പന്തിന് സംഭവിച്ചത്. 
 
ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഉപയോഗിച്ച രീതിയാണ് പന്ത് ചെയ്ത ആദ്യ മണ്ടത്തരം. ബൗണ്ടറി ലൈനില്‍ കെണിയൊരുക്കി വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിവുള്ള ബൗളറാണ് ചഹല്‍. എന്നാല്‍ ചഹലിന് പവര്‍പ്ലേയില്‍ പന്തെറിയാന്‍ കൊടുക്കുകയാണ് ഇന്ത്യന്‍ നായകന്‍ ചെയ്തത്. നാലാം ഓവറാണ് ചഹല്‍ എറിഞ്ഞത്. വിട്ടുകൊടുത്തത് 16 റണ്‍സ് ! ആ സമയത്ത് ബൗണ്ടറി ലൈനില്‍ ഫീല്‍ഡിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം. 
 
പവര്‍പ്ലേ കഴിഞ്ഞതിനു ശേഷം ചഹലിന് പന്ത് കൊടുക്കാന്‍ ഇന്ത്യന്‍ നായകന്‍ മടി കാണിച്ചു. ഒരുപക്ഷേ മധ്യ ഓവറുകളില്‍ ചഹലിന് പന്ത് കൊടുത്തിരുന്നെങ്കില്‍ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴുമായിരുന്നു. അതിനുള്ള സാധ്യതയാണ് പന്ത് ഇല്ലാതാക്കിയത്. പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായ ചഹല്‍ ഇന്നലെ എറിഞ്ഞത് വെറും 2.1 ഓവര്‍ മാത്രം ! 
 
ആദ്യ ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത ചഹല്‍ പവര്‍പ്ലേ തീര്‍ന്നതിനു ശേഷം എറിഞ്ഞ രണ്ടാം ഓവറില്‍ വിട്ടുകൊടുത്തത് വെറും ആറ് റണ്‍സ് മാത്രമാണ്. എന്നിട്ടും ശേഷിക്കുന്ന രണ്ട് ഓവര്‍ ചഹലിനെ കൊണ്ട് എറിയിപ്പിക്കാന്‍ പന്ത് തയ്യാറായില്ല. പിന്നീട് ചഹല്‍ മൂന്നാം ഓവര്‍ എറിയാന്‍ എത്തിയത് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിലെ അവസാന ഓവറില്‍. ആദ്യ പന്തില്‍ തന്നെ സന്ദര്‍ശകര്‍ വിജയിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍