പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയമനിവാര്യമായിരുന്ന കൊൽക്കത്തയ്ക്കായി വെടിക്കെട്ട് പ്രകടനമാണ് ശ്രേയസ് അയ്യർ, നിതീഷ് റാണ എന്നിവർ നടത്തിയത്. എന്നാൽ തുടരെ വിക്കറ്റുകൾ ഒരുവശത്ത് വീണപ്പോൾ എല്ലാവരും കൊൽക്കത്തയുടെ തോൽവി ഉറപ്പിക്കുകയും ചെയ്‌തു. അവസാന 2 ഓവറിൽ, 4 വിക്കറ്റ് ശേഷിക്കെ 38 റൺസാണു കൊൽക്കത്തയ്ക്കു വിജയത്തിലെത്താൻ വേണ്ടിയിരുന്നത്.
എല്ലാവരും ലഖ്‌നൗ ജയിക്കുമെന്ന് വിധിയെഴുതിയപ്പോൾ ഒമ്പതാം വിക്കറ്റിൽ ഒത്തുചേർന്ന റിങ്കു സിങ്,സുനിൽ നരെയ്‌ൻ സഖ്യം പത്തൊമ്പതാം ഓവറിൽ അടിച്ചെടുത്തത് 17 റൺസ്. സ്റ്റോയ്‌നിസിന്റെ അവസാന ഓവറിൽ വിജയിക്കാനാവശ്യമുള്ളത് 21 റൺസ്. സ്റ്റോയ്‌നിസിന്റെ ആദ്യ പന്തിൽ ഫോർ നേടിയ റിങ്കു പിന്നീടുള്ള 2 പന്തിലും നേടിയത് സിക്സർ. നാലാം പന്തിൽ ഡബിൾ കൂടി കണ്ടെത്തിയതോടെ അവസാന 2 പന്തിൽ നിന്നും 5 റൺസ് മാത്രം വിജയിക്കാൻ വേണം.
എന്നാൽ അഞ്ചാം പന്തിൽ ഡീപ് ബാക്ക്‌വേഡ് പോയിന്റിൽ മുഴുനീളൻ ഡൈവിനൊടുവിൽ ഇടംകൈകൊണ്ട് റിങ്കു സിങ്ങിനെ അവിശ്വസനീയമായ ക്യാച്ചോടെ എവിൻ ലൂയിസ് പുറത്താക്കുന്നു. അവസാന പന്തിൽ ഉമേഷിനെ ക്ലീൻ ബൗൾഡ് കൂടി ചെയ്‌തതോടെ ലക്നൗവിന് 2 റൺസ് ജയം. മത്സരത്തിലെ നിർണായക ക്യാച്ച് സ്വന്തമാക്കിയ എവിൻ ലൂയിസിനാണ് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അർഹതയെന്നാണ് മത്സരശേഷം സ്റ്റോയ്‌നിസ് പറഞ്ഞത്. ആ ക്യാച്ച് ലൂയിസ് പിടിച്ചെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു.