കോഹ്‌ലിയെ ടീമില്‍ നിന്നും ഒഴിവാക്കിയേക്കും; ഇന്ത്യന്‍ ടീമിന് ഇനി പുതിയ ക്യാപ്‌റ്റന്‍!

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2017 (17:04 IST)
ശ്രീലങ്കയ്ക്കെതിരായ ഏകദിന- ട്വന്റി-20 പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ ഒഴിവാക്കുമെന്ന് സൂചന. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നതു മൂലം കോഹ്‌ലി ക്ഷീണിതനാണെന്നും അതിനാല്‍ അദ്ദേഹത്തിന് വിശ്രം നല്‍കും എന്നുമാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചാല്‍ രോഹിത് ശര്‍മയാകും ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടം ചൂടിച്ച മികവാണ് രോഹിത്തിന് തുണയാകുന്നത്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാകും പ്രഖ്യാപിക്കുക.

ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ വരാനിരിക്കുന്ന പരമ്പരകള്‍ കണക്കിലെടുത്താണ് വിരാടിന് വിശ്രമം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിന്‍ഡീസ് പര്യടനത്തിനുശേഷം ഇന്ത്യ കളിച്ച 43 രാജ്യാന്തര മത്സരങ്ങളില്‍ 42ലും കോലി കളിച്ചിരുന്നു. ഇതില്‍ 18 ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുന്നു.
Next Article