ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയോടുള്ള ഇഷ്‌ടം തുറന്നുപറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൌണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍. ട്വന്റി-ട്വന്റി ലോകകപ്പ് ഉള്‍പ്പെടെ രണ്ട് ലോകകപ്പുകള്‍ ഇന്ത്യയ്‌ക്ക് നേടിക്കൊടുത്ത ‘ക്യാപ്‌റ്റന്‍ കൂളി’നെയാണ് ക്രിക്കറ്റ് ലോകത്ത് താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്‌സും ഈ തലമുറയിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളാണ്. എങ്കിലും, ധോണിയുടെ ഫിനിഷിംഗ് മികച്ചതാണ്. താന്‍ പണ്ട് ദക്ഷിണാഫ്രിക്കയ്‌ക്കായി ചെയ്‌തതാണ് ധോണി ഇപ്പോള്‍ ഇന്ത്യന്‍ ടീമിനായി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സിംബാവേയുടെ ബാറ്റിംഗ് കോച്ചായ ക്ലൂസ്‌നര്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവൈ കിങ്‌സിന്റെ കോച്ചുകൂടിയാണ്. ദക്ഷിഫ്രിക്കയ്‌ക്കായി 49 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും 1906 റണ്‍സും 171 ഏകദിന മത്സരങ്ങളില്‍ നിന്നായി 3576 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനങ്ങളില്‍ 192 വിക്കറ്റും തന്റെ പേരില്‍ ചേര്‍ത്ത ക്ലൂസ്‌നര്‍ ലോകത്തിലേ തന്നെ എക്കാലത്തെയും മികച്ച ഓള്‍റൌണ്ടറായാണ് അറിയപ്പെടുന്നത്.