Virat Kohli and Gautam Gambhir: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനു ശേഷം വിരാട് കോലിയും ഗൗതം ഗംഭീറും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ ചൊല്ലി ആരാധകര്‍ രണ്ട് തട്ടില്‍. ഗംഭീര്‍ അങ്ങോട്ട് പോയി ചൊറിഞ്ഞ് കോലിയെ പ്രകോപിപ്പിച്ചതാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ ഗംഭീര്‍ ചെയ്തതാണ് ശരിയെന്നാണ് മറുകൂട്ടരുടെ വാദം. ഗംഭീര്‍ കോലിയോട് തട്ടിക്കയറിയത് തക്കതായ കാരണത്താലാണെന്ന് ചില ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് ആരാധകര്‍ പറയുന്നു.
മത്സരത്തിനിടെ ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖിനോട് ആര്‍സിബി താരം വിരാട് കോലി ദേഷ്യപ്പെട്ടിരുന്നു. നവീന്‍ ബാറ്റ് ചെയ്യുന്ന സമയത്ത് കോലി സ്ലെഡ്ജ് ചെയ്യുകയായിരുന്നു. നവീനും കോലിയോട് തട്ടിക്കയറി. അംപയര്‍ നോക്കി നില്‍ക്കെ നവീന്റെ നേര്‍ക്ക് കോലി ഷൂസ് ഉയര്‍ത്തി കാണിച്ചെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
മത്സരശേഷം നവീനോടുള്ള പെരുമാറ്റത്തെ കുറിച്ച് ഗംഭീര്‍ കോലിയെ ചോദ്യം ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തന്റെ ടീം അംഗങ്ങള്‍ തനിക്ക് കുടുംബത്തെ പോലെയാണെന്നും അവരോട് മര്യാദയില്ലാതെ പെരുമാറിയാല്‍ താന്‍ പ്രതികരിക്കുമെന്നും ഗംഭീര്‍ കോലിയോട് പറഞ്ഞെന്നാണ് വിവരം. ഇതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും ആരാധകര്‍ പറയുന്നു.
സ്വന്തം ടീം അംഗത്തോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണ് ഗംഭീര്‍ ചെയ്തതെന്നും അതില്‍ തെറ്റൊന്നും ഇല്ലെന്നുമാണ് ഗംഭീര്‍ ആറാധകര്‍ വാദിക്കുന്നത്. അതേസമയം, കോലിക്കും ഗംഭീറിനും ഐപിഎല്‍ കമ്മിറ്റി പിഴ ചുമത്തിയിട്ടുണ്ട്. മാച്ച് ഫീയുടെ നൂറ് ശതമാനമാണ് ഇരുവരും പിഴയടയ്‌ക്കേണ്ടത്.